സൂരജ് ലാമ തിരോധാനത്തിൽ പോലീസിനും വിമാനത്താവള അധികൃതർക്കുമെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. വിദേശത്തെ ജയിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരെ നാട്ടിൽ എത്തിക്കാൻ പരിശ്രമിക്കും. എന്നാൽ അവർ നാട്ടിലെത്തിയാൽ വിലയില്ലാതെയാവുന്നു എന്ന് കോടതി വിമർശിച്ചു. ഒരാൾ അലഞ്ഞുതിരിഞ്ഞു തെരുവിൽ നടന്നാൽ കരുതൽ തടങ്കലിൽ എടുക്കണമെന്നും മെന്റൽ ഹെൽത്ത് ആക്ട് ഇതിനുള്ളതാണെന്നും കോടതി പരാമർശിച്ചു. സംഭവത്തിൽ പോലീസും എയർപോർട്ട് അധികൃതരും വിശദീകരണം നൽകണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പറഞ്ഞു.
കുവൈത്തിൽ നിന്ന് ജീവനോടെ കയറ്റിവിട്ട ഒരാൾ ഇവിടെയെത്തിയപ്പോൾ കാണാതായി എന്ന് എങ്ങനെയാണ് അയാളുടെ കുടുംബത്തോടെ പറയുക. വലിയ ഞെട്ടൽ ഉണ്ടാകുന്ന കേസാണ്. ലാമയെ ആശുപത്രിയിൽ എത്തിച്ചത് മുതലുള്ള വിവരങ്ങൾ വേണമെന്നും കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞദിവസം കളമശേരി എച്ച്എംടിക്ക് സമീപമുള്ള കുറ്റിക്കാട്ടിൽ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത് ആണോ എന്നതിന്റെ ഡിഎൻഎ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. റിപ്പോർട്ട് കിട്ടുന്ന ഘട്ടത്തിൽ അത് ഹൈകോടതിയിൽ നൽകാനും നിർദേശമുണ്ട്. മകൻ സാന്റോൺ ലാമ നൽകിയ ഹേബിയസ് കോർപസ് ഹർജിയാണ് കോടതിയിലുള്ളത്.



Be the first to comment