ദേശീയപാത തകര്‍ന്ന സംഭവം; റോഡ് നിർമാണത്തിൽ വിദഗ്ധരെന്ന് ഇപ്പോഴും ആത്മവിശ്വാസമുണ്ടോ?വിമര്‍ശനവുമായി ഹൈക്കോടതി

സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ദേശീയപാത തകർന്ന സംഭവത്തിൽ എൻഎച്ച്എഐക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. സംഭവിച്ച കാര്യങ്ങളില്‍ കേരളത്തിന് സന്തോഷമില്ലെന്ന് ഹൈക്കോടതി.

ജനങ്ങള്‍ ക്ഷമയോടെ കാത്തിരുന്ന പാതയാണ് തകര്‍ന്നത്.മലപ്പുറത്തെ സംഭവത്തിന് ശേഷവും റോഡ് നിർമാണത്തിൽ വിദഗ്ധരെന്ന് ഇപ്പോഴും ആത്മവിശ്വാസമുണ്ടോയെന്ന് ദേശീയപാതാ അതോറിറ്റിയോട് ഹൈക്കോടതി ചോദിച്ചു. കേരളത്തിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും എന്താണ് സംഭവിച്ചതെന്നതില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി എൻഎച്ച്എഐയ്ക്ക് നിർദേശം നൽകി.

എന്നാൽ തകര്‍ന്ന പാതകളില്‍ ഘടനാപരമായ മാറ്റം വരുത്തുമെന്നും തെറ്റായ കാര്യങ്ങള്‍ സംഭവിച്ചുവെന്നും ദേശീയപാതാ അതോറിറ്റി കോടതിയെ അറിയിച്ചു. ഉദ്യോഗസ്ഥര്‍ സംഭവസ്ഥലങ്ങളിലാണെന്നും മറുപടി നല്‍കാന്‍ പത്ത് ദിവസത്തെ സമയം വേണമെന്നും ദേശീയപാത അതോറിറ്റി ഹൈക്കോടതിയിൽ പറഞ്ഞു.

ഈ മാസം 16 ന് മലപ്പുറത്ത് ദേശീയപാത തകർന്ന സംഭവത്തിൽ ഹൈക്കോടതി റിപ്പോർട്ട് ചോദിച്ചിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഈ വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്.

കൊച്ചിയിലെ അപകടാവസ്ഥയിലായ റോഡുകളുടെ കാര്യത്തിലും ഹൈക്കോടതി വിമർശനം ഉന്നയിച്ചു. കാനയിൽ ഒരാൾ വീണ് കഴിഞ്ഞാൽ 10 ലക്ഷം എടുത്തു കൊടുക്കുമായിരിക്കും. എന്നാൽ അപകടം ഉണ്ടാകാതിരിക്കാനാണ് നടപടിയെടുക്കേണ്ടത്. എം.ജി റോഡിലെ നടപ്പാത തകർന്നു കിടക്കുന്നതിലും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശനം ഉന്നയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*