കൊച്ചി: ആഗോള അയ്യപ്പസംഗമത്തിന്റെ കണക്കുകളുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ വിമര്‍ശനം. കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. ആവശ്യപ്പെട്ട രേഖകള്‍ ദേവസ്വം ബോര്‍ഡ് നല്‍കിയില്ലെന്ന് ഓഡിറ്റര്‍ കോടതിയെ അറിയിച്ചു. ഇന്‍പുട്ട് ടാക്‌സ് അവശ്യത്തിനായി സ്വത്തു രജിസ്റ്റര്‍ അടക്കം ആവശ്യപ്പെട്ടിട്ട് നല്‍കിയില്ലെന്നും ഓഡിറ്റ് നടത്തിയ വിജയന്‍ അസോസിയേറ്റ്‌സ് അറിയിച്ചിട്ടുണ്ട്. പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ 10 ദിവസത്തെ സമയം ഓഡിറ്റര്‍ക്ക് കോടതി അനുവദിച്ചു.
അയ്യപ്പ സംഗമത്തില്‍ പല പരിപാടികള്‍ നടന്നിരുന്നു. എന്നാല്‍ ചിലതിന് ഒരുമിച്ചുള്ള കണക്കാണ് നല്‍കിയത്. അതിനാല്‍ ഓരോ പരിപാടിക്കും എത്ര രൂപയാണ് ചെലവായതെന്ന് കണ്ടെത്തുക ദുഷ്‌കരമാണ്. അസ്സറ്റ് രജിസ്റ്റര്‍ ആവശ്യപ്പെട്ട് പലതവണ ദേവസ്വം ബോര്‍ഡിന് കത്തു നല്‍കിയിട്ടും മറുപടി പോലും ലഭിച്ചില്ലെന്നും ഓഡിറ്റര്‍ കോടതിയെ അറിയിച്ചു. കേസില്‍ ഓഡിറ്ററെ ഹൈക്കോടതി കക്ഷി ചേര്‍ത്തിരുന്നു. ദേവസ്വം ബോര്‍ഡ് നല്‍കിയ മുഴുവന്‍ രേഖകളും ഹാജരാക്കാനും ഓഡിറ്റര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
കണക്കുകളെ നിലവിലെ ദേവസ്വം ബോര്‍ഡും വളരെ ലാഘവത്തോടെയാണ് പരിഗണിച്ചതെന്ന് കോടതി നിരീക്ഷിച്ചു. ഓഡിറ്റ് റിപ്പോര്‍ട്ട് ഫെബ്രുവരി ആറിന് ബോര്‍ഡിന് സമര്‍പ്പിച്ചു. ഏഴാം തീയതി തന്നെ സ്‌പെഷല്‍ കമ്മീഷണര്‍ക്ക് ദേവസ്വം കമ്മീഷണര്‍ കൈമാറി. റിപ്പോര്‍ട്ടില്‍ എന്തൊക്കെ പോരായമകളുണ്ട് എന്ന് ദേവസ്വം കമ്മീഷണര്‍ പരിശോധിച്ചില്ലെന്നാണ് വിലയിരുത്തല്‍. ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകളില്‍ എന്തെങ്കിലും തരത്തിലുള്ള ക്രമക്കേടുകളുണ്ടെങ്കില്‍ അതിന് ദേവസ്വം ബോര്‍ഡ് ഉത്തരവാദികള്‍ ആയിരിക്കുമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.



Be the first to comment