എമ്പുരാന്റെ പ്രദർശനം തടയണമെന്നാവശ്യം; ഉദ്ദേശ ശുദ്ധിയിൽ സംശയം; ഹർജി തള്ളി ഹൈക്കോടതി

എമ്പുരാന്റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരന്റെ ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര സ‍ർക്കാരിനും സെൻസർ ബോ‍‍ർഡിനും കോടതി നോട്ടീസ് അയച്ചു. ചിത്രം കണ്ടിരുന്നോയെന്ന് ഹർജിക്കാരനോട് ഹൈക്കോടതി ചോദിച്ചു. പ്രശസ്തിയ്ക്ക് വേണ്ടിയുള്ള ഹർജിയെന്ന് കോടതി.

സെൻസർ ബോർഡ് അംഗീകാരത്തോടെയുള്ള സിനിമയല്ലെ ,പിന്നെന്താണ് പ്രശ്നമെന്ന് കോടതി ചോദിച്ചു. മറുപടി നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡിന് നിര്‍ദ്ദേശം നൽകി കോടതി കേസ് വിശദമായ വാദത്തിന് മാറ്റുകയായിരുന്നു. ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ഇടക്കാല ആവശ്യം തള്ളിയത്.

ബിജെപി തൃശൂര്‍ ജില്ല കമ്മിറ്റി അംഗം വിജീഷായിരുന്നു സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഹർജി നൽകിയതിന് പിന്നാലെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഹര്‍ജിയെ പാര്‍ട്ടി ഔദ്യോഗികമായി തള്ളിയിരുന്നു. സിനിമ ബഹിഷ്‌കരിക്കേണ്ടെന്നും സിനിമയെ സിനിമയായി കാണണമെന്നുമാണ് ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ പ്രതികരിച്ചിരുന്നത്.

അതേസമയം റീ എഡിറ്റ് ചെയ്ത എമ്പുരാന്‍ പതിപ്പ് ഉടന്‍ തന്നെ തിയേറ്ററുകളിലെത്തും. 24 മാറ്റങ്ങളാണ് സിനിമയിലുണ്ടാകുക. പ്രധാന വില്ലന്റെ പേര് ബജ്റംഗി എന്നത് ബല്‍ദേവ് എന്നാക്കി. സ്ത്രീകള്‍ക്കെതിരായ അതിക്രമ രംഗങ്ങള്‍ ഒഴിവാക്കി. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനം കടന്നുപോകുന്ന രംഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. പൃഥ്വിരാജിന്റെ കഥാപാത്രവും അച്ഛന്‍ കഥാപാത്രവുമായുള്ള സംഭാഷണം ഒഴിവാക്കിയിട്ടുണ്ട്. എന്‍ഐഎ യെ കുറിച്ച് പറയുന്ന ഭാഗം മ്യൂട്ട് ചെയ്തു. നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേരും നീക്കം ചെയ്തിട്ടുണ്ട്. 2 മിനിറ്റ് 8 സെക്കന്‍ഡ് ആണ് ചിത്രത്തില്‍ നിന്ന് വെട്ടിപോയിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*