എക്സാലോജിക് – CMRL ഇടപാട്: CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹ‍ർജിയിൽ മുഖ്യമന്ത്രിക്കും മകൾക്കും നോട്ടീസ് അയച്ച് ഹൈക്കോടതി

സിഎംആർഎൽ – എക്സാലോജിക് മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും ഹൈക്കോടതിയുടെ നോട്ടീസ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കവെയായിരുന്നു നിർദേശം. പേര് വിവരങ്ങൾ മുദ്രവച്ച കവറിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇന്ററിം സെറ്റിൽമെന്റ് ബോർഡിൻ്റെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളവരുടെ പേര് വിവരങ്ങളാണ് ഹാജരാക്കേണ്ടത്. ഹർജി മെയ് 27 ന് വീണ്ടും പരിഗണിക്കും.

സിഎംആർഎൽ – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് വടക്കൻ പറവൂർ സ്വദേശി എം ആർ അജയനാണ് ഈ ഹർജി ഹൈക്കോടതിയിൽ നൽകിയത്. SFIO അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചു എന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി. അവധിക്കാല ബെഞ്ചിങ് കഴിഞ്ഞ് പൂർണമായും സിറ്റിംഗ് ആരംഭിക്കുമ്പോൾ ഇതുമായി ബന്ധപ്പെട്ട വിശദമായ വാദം ഹൈക്കോടതി കേൾക്കും.

ഇന്ററിം സെറ്റിൽമെന്റ് ബോർഡിൻ്റെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളവരുടെ പേര് വിവരങ്ങൾ പരിശോധിച്ച ശേഷം മാത്രമായിരിക്കും സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിടുക. ആദായനികുതി വകുപ്പ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാസപ്പടി കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യം. മാസപ്പടി ഇടപാടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു ഉള്ള ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

മാസപ്പടി കേസിൽ നിലവിലെ സ്ഥിതി തുടരാന്‍ ഹൈക്കോടതി അവധിക്കാല ബെഞ്ചാണ് നിര്‍ദേശം നൽകിയത്. എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിനെതിരെ സിഎംഎആര്‍എല്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് നോട്ടീസയച്ചു. എസ്എഫ്‌ഐഒ ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ അഞ്ചാഴ്ചയ്ക്കകം മറുപടി നല്‍കണം. ഹര്‍ജി അവധിക്കാലത്തിന് ശേഷം ഹൈക്കോടതി പരിഗണിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*