“രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഇങ്ങോട്ട് വരരുത്”, ശബരിമല സ്വർണക്കവർച്ച കേസിൽ രാജീവ് ചന്ദ്രശേഖറിന് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

എറണാകുളം: ശബരിമല സ്വർണക്കവർച്ച കേസിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജിയിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള ഹർജിക്കാർക്ക് ഹൈക്കോടതി വിമർശനം.ആത്യന്തികമായി കേസ് അന്വേഷണം നന്നായി വരണമെന്നില്ലേയെന്ന് ഹർജിക്കാരോട് കോടതി ചോദിച്ചു.

ശാസ്ത്രീയ പരിശോധനാഫലമില്ലാതെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാകില്ല. ഇന്ത്യയിൽ ലഭ്യമായ രണ്ട് പ്രശസ്‌തമായ ലാബുകളിലേക്കാണ് സാമ്പിളുകൾ അയച്ചിരിക്കുന്നതെന്നും കോടതി പറഞ്ഞു. വിചാരണക്കോടതി ജാമ്യം അനുവദിച്ച് കൊണ്ട് നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടാകാം. പക്ഷേ ഈ ഘട്ടത്തിൽ നിലവിലെ അന്വേഷണത്തിൽ ഇടപെടാനാകില്ല.

പ്രഗൽഭരായ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്. കോടതിയുടെ മേൽനോട്ടത്തിലുമാണ് അന്വേഷണം. അന്വേഷണ സംഘത്തിന് കുറച്ച് സമയം അനുവദിക്കൂവെന്നും ഹർജിക്കാരോട് ഹൈക്കോടതി പറഞ്ഞു.
പൊതുധാരണകളല്ല കോടതിയുടെ പരിഗണനയിലുള്ളതെന്നും യഥാർത്ഥ കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയാണ് ലക്ഷ്യമെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു. നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പ്രവർത്തനം തൃപ്തികരമാണെന്നും കോടതിയുടെ മേൽനോട്ടത്തിലാണ് ഇത് നടക്കുന്നതെന്നും പറഞ്ഞ കോടതി, രാഷ്ട്രീയ ലാഭത്തിന് വേണ്ടി കേസിലേക്ക് കടന്നുകയറരുതെന്ന് ഓർമ്മിപ്പിച്ചു.

“സിബിഐ മികച്ച രീതിയിൽ അന്വേഷിച്ച് വിജയിപ്പിച്ച അഞ്ച് കേസുകളുടെ പേര് പറയാമോ?” എന്ന് കോടതി ഹർജിക്കാരോട് ചോദിച്ചു. കൃത്യമായ നിയമപരമായ കാരണങ്ങളില്ലാതെ കേന്ദ്ര ഏജൻസിയെ ആവശ്യപ്പെടുന്നത് എന്തിനാണെന്നും കോടതി ആരാഞ്ഞു.

തുടർന്ന് സർക്കാരിൻ്റെ മറുപടി സത്യവാങ്മൂലത്തിനായി ഹൈക്കോടതി ഒരാഴ്ച്ച കഴിഞ്ഞ് ഹർജികൾ പരിഗണിക്കാനായി മാറ്റി. ശബരിമലയിലെ കഴിഞ്ഞ 10 വർഷത്തെ സംഭാവനകളടക്കം ഓഡിറ്റ് നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കണം. സ്വർണം കവർന്നതിലെ നഷ്‌ടം മുൻ ദേവസ്വം ബോർഡ് ഭാരവാഹികളിൽ നിന്നും നികത്തണമെന്നും ഹർജികളിൽ ആവശ്യമുണ്ട്. അതേസമയം, ശബരിമല തന്ത്രി കണ്‌ഠരര് രാജീവര്ക്ക് പിന്തുണ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയത് അന്വേഷണത്തെ വഴിതിരിച്ചുവിടാനുള്ള നീക്കമാണെന്ന് സർക്കാർ ആരോപിച്ചു.

കേസിൽ അന്തിമ അന്വേഷണ റിപ്പോർട്ട് മാർച്ച് 31-നകം വിചാരണാ കോടതിയിൽ സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ജംഷഡ്‌പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ (NML) നിന്നുള്ള പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ റിപ്പോർട്ട് തയ്യാറാക്കുക. ശബരിമലയിലെ സ്വർണ്ണ സാമ്പിളുകൾ അത്യാധുനിക മെറ്റലർജിക്കൽ പരിശോധനയ്ക്ക് വിധേയമാക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റും കേസിൽ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കേസിൻ്റെ എഫ്.ഐ.ആർ, മൊഴികൾ എന്നിവയുടെ പകർപ്പ് ഇ.ഡിക്ക് നൽകാൻ ഹൈക്കോടതി വിചാരണാ കോടതിയോട് നിർദേശിച്ചു. ശബരിമലയിലെ ദ്വാരപാലക വിഗ്രഹങ്ങളിലെയും ശ്രീകോവിൽ വാതിലിലെയും സ്വർണം മാറ്റിയത് ആസൂത്രിതമായ നീക്കമാണെന്ന് കോടതി നിരീക്ഷിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*