
എംഎസ്‌സി ഷിപ്പിങ് കമ്പനിയുടെ കപ്പല്‍ വീണ്ടും തടഞ്ഞുവെക്കാന്‍ ഹൈക്കോടതി ഉത്തരവ്. പാല്‍മറെ കപ്പലാണ് തടഞ്ഞുവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. എംഎസ്‌സി എല്‍സ ത്രീ കപ്പല്‍ അപകടത്തില്‍, നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.
ബോട്ടുടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് എംഎസ്‌സിയുടെ കപ്പല്‍ തടഞ്ഞുവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകുമ്പോള്‍ കപ്പലിന്റെ അവശിഷ്ടങ്ങളില്‍ തട്ടി ഉണ്ടാകുന്ന നഷ്ടം വളരെ വലുതാണ്. ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
ഇതിനി മുന്‍പും എംഎസ്‌സിയുടെ രണ്ട് കപ്പല്‍ തടഞ്ഞുവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതില്‍ ഒരു കപ്പല്‍ നഷ്ടപരിഹാരം കെട്ടിവച്ചതിന് ശേഷം കമ്പനി തിരിച്ച് കൊണ്ടുപോയിരുന്നു. എന്നാല്‍, നഷ്ടപരിഹാരമാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഇപ്പോഴും ഹൈക്കോടതിക്ക് മുന്നിലുണ്ട്.
തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ അകലെ മെയ് 24നാണ് എംഎസ്‌സി എല്‍സ 3 എന്ന ലൈബീരിയന്‍ ചരക്ക് കപ്പല്‍ അപകടത്തില്‍പെട്ടത്. അടുത്തദിവസം കപ്പല്‍ പൂര്‍ണമായും മുങ്ങി. മുഴുവന്‍ ജീവനക്കാരെയും രക്ഷപെടുത്തിയിരുന്നു. സംഭവത്തില്‍ കപ്പലിന്റെ ഉടമകളായ കമ്പനിക്കും ക്യാപ്റ്റനുമെതിരെ ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
Be the first to comment