‘ശബരിമലയില്‍ നടന്നത് കൂട്ടക്കൊള്ള’; കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് അന്വേഷിക്കണമെന്ന് ഹൈക്കോടതി

ശബരിമലയില്‍ നടന്നത് കൂട്ടക്കൊള്ളയെന്ന് ഹൈക്കോടതി. അയ്യപ്പന്റെ സ്വത്ത് പ്രതികള്‍ കൂട്ടം ചേര്‍ന്ന് കൊള്ളയടിച്ചെന്നും കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. എ.പത്മകുമാർ, മുരാരി ബാബു, ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി നിരീക്ഷണം. ‘പഞ്ചാഗ്നി മധ്യേ തപസ് ചെയ്താലുമീ പാപകർമത്തിൻ പ്രതിക്രിയ ആകുമോ’ എന്ന സിനിമാ ഗാനത്തിലെ വരികൾ ഉത്തരവിൽ പരാമർശിച്ച് പ്രതികൾക്കെതിരെ കോടതി രൂക്ഷ വിമർശനമുന്നയിച്ചു.

മുൻ എം എൽ എ കൂടിയായ പദ്മകുമാറിന് ജാമ്യം നൽകിയാൽ അന്വേഷണത്തിൽ ഇടപെടുമെന്നും നഷ്ടപ്പെട്ട സ്വർണത്തിന്റെ വീണ്ടെടുക്കലിനെ അത് ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം ദ്വാരപാലക സ്വർണപ്പാളി കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം നൽകി. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാത്ത സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.

അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ ആരോപണം ശക്തമാകുന്നതിനിടെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം സമ്മതിച്ച് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ചടങ്ങിന് ക്ഷണിച്ചതിനാലാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയത് എന്നാണ് വിശദീകരണം. കടകംപള്ളി സുരേന്ദ്രനുമായി പരിചയമുണ്ടെന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയ്ക്ക് പിന്നാലെയാണ് കടകംപള്ളി സുരേന്ദ്രന്റെ വിശദീകരണം.

Be the first to comment

Leave a Reply

Your email address will not be published.


*