പാലിയേക്കരയില്‍ ടോള്‍ പിരിവ് തടഞ്ഞ് ഹൈക്കോടതി; നാലാഴ്ചത്തേയ്ക്ക് ടോള്‍ വേണ്ട

കൊച്ചി: ദേശീയപാതയില്‍ ഇടപ്പള്ളി- മണ്ണുത്തി മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകാത്ത സാഹചര്യത്തില്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. ദേശീയപാതയിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് നാലാഴ്ചത്തേയ്ക്ക് ടോള്‍ പിരിവ് നിര്‍ത്തിവെയ്ക്കാനാണ് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നത്.

പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നത് താത്കാലികമായി തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അടിപ്പാതയും സര്‍വീസ് റോഡും പൂര്‍ത്തിയാകാതെ പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ ഘട്ടത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കഴിഞ്ഞ കുറെ മാസങ്ങളായി ദേശീയപാതയില്‍ ഇടപ്പള്ളി- മണ്ണുത്തി മേഖലയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ജംഗ്ഷനുകളില്‍ അടിപ്പാത നിര്‍മ്മാണം നടക്കുന്നതിനാല്‍ മണ്ണുത്തി മുതല്‍ അങ്കമാലി വരെയുള്ള ഭാഗത്താണ് പ്രധാനമായി ഗതാഗതക്കുരുക്ക് രൂക്ഷമായി അനുഭവപ്പെടുന്നത്. മണിക്കൂറുകള്‍ എടുത്താണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. ഈ പശ്ചാത്തലത്തിലും ടോള്‍ പിരിവ് തകൃതിയായി നടക്കുന്നതിനെതിരെ വ്യാപക ആക്ഷേപമാണ് ഉയര്‍ന്നത്.

കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചപ്പോള്‍ ദേശീയപാതാ അതോറിറ്റിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ദേശീയപാതാ അതോറിറ്റി ഒരുമാസം മുന്‍പ് നല്‍കിയ വാക്ക് പാലിച്ചില്ലെന്ന് കോടതി വിമര്‍ശിച്ചു. എന്നാല്‍ സര്‍വീസ് റോഡ് സൗകര്യം നല്‍കിയിരുന്നുവെന്നും സര്‍വീസ് റോഡ് തകര്‍ന്നതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണമെന്നും ദേശീയപാതാ അതോറിറ്റി വ്യക്തമാക്കി. മൂന്നാഴ്ചയ്ക്കകം പ്രശ്‌നം പരിഹരിക്കാനാകുമെന്ന് ദേശീയപാതാ അതോറിറ്റി റിപ്പോര്‍ട്ട് നല്‍കി. ഇത് കണക്കിലെടുത്താണ് നാലാഴ്ചത്തേയ്ക്ക് ടോള്‍ പിരിവ് നിര്‍ത്തിവെയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

Be the first to comment

Leave a Reply

Your email address will not be published.


*