കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിന് താൽക്കാലിക സ്റ്റേ

കാലിക്കറ്റ് സർവ്വകലാശാല സെനറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടികൾ ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. നവംബർ ആറിന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് രണ്ടാഴ്ചത്തേക്കാണ് ജസ്റ്റിസ് വി ജി അരുൺ സ്റ്റേ ചെയ്തത്. സർവ്വകലാശാലയിൽ പുതിയ ജനറൽ കൗൺസിൽ നിലവിൽ വന്നിട്ടും അതിലെ അംഗങ്ങളെ ഒഴിവാക്കി പഴയ അംഗങ്ങളെ ഉൾപ്പെടുത്തി സെനറ്റ് തെരഞ്ഞെടുപ്പ് നടത്താനുള്ള വൈസ് ചാൻസിലറുടെ നടപടി ചോദ്യം ചെയ്ത് എസ്എഫ്‌ഐയുടെ യൂണിവേഴ്‌സിറ്റി യുണിയൻ കൗൺസിലറായ എം ശ്രീനാഥ് നൽകിയ ഹർജിയിലാണ് സ്റ്റേ.

കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ ഭരണഘടന പ്രകാരം ജനറൽ കൗൺസിൽ അംഗങ്ങളുടെ കാലാവധി ഒരു വർഷമോ അല്ലെങ്കിൽ അടുത്ത കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് വരെയോ ആണ്. ഈ വർഷം സെപ്തംബർ 18ലെ വിജ്ഞാപനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഹർജിക്കാരനടക്കമുള്ള അംഗങ്ങളെ ഒഴിവാക്കി മുൻപുള്ള അംഗങ്ങളെ ഉൾപ്പെടുത്തി സെനറ്റ് തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക തയ്യാറാക്കിയത് ശരിയല്ലെന്ന് ഹർജിയിൽ ചൂണ്ടികാട്ടി. അതിനാൽ ഹർജി തീർപ്പാകുന്നത് വരെ സെനറ്റ് തെരഞ്ഞെടുപ്പിന് സ്റ്റേ വേണമെന്നും ആവശ്യപ്പെട്ടിരുന്നു.

നിലവിലുള്ള ജനറൽ കൗൺസിൽ അംഗങ്ങളുടെ കാലാവധി പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ അവസാനിച്ചോ എന്ന് കോടതി ആരാഞ്ഞു. ഹർജി നവംബർ 15ന് വീണ്ടും പരിഗണിക്കും. ഹർജിക്കാരന് വേണ്ടി മുതിർന്ന അഭിഭാഷകൻ പി സി ശശിധരൻ ഹാജരായി.

Be the first to comment

Leave a Reply

Your email address will not be published.


*