
കോട്ടയം: കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വിലയിടിവിലും കാലാവസ്ഥ വ്യതിയാനവുമായി ദുരിതമനുഭവിക്കുകയാണ് സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍. റബര്‍ ഉത്‌പാദനത്തിന് ചെലവാക്കിയ തുകപോലും തിരിച്ചു കിട്ടാനാകാത്ത സ്ഥിതിയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് റബര്‍ വില 200 രൂപ കടക്കുന്നതുവരെ വില്‍പ്പന നിര്‍ത്തിവയ്‌ക്കാന്‍ ആവശ്യപ്പെട്ട് ചരിത്രത്തിലാദ്യമായി കഴിഞ്ഞ വര്‍ഷം റബര്‍ കര്‍ഷകര്‍ സമരത്തിനിറങ്ങുകയും ചെയ്‌തു. തുടരെ തുടരെയുള്ള കാലാവസ്ഥാ വ്യതിയാനവും കര്‍ഷകരെ സാരമായി ബാധിക്കുന്നു.
എന്നാല്‍ ഇതില്‍ നിന്നുമെല്ലാം രക്ഷനേടാൻ റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി നൂതന പ്രക്രിയ വികസിപ്പിച്ചെടുത്തിരിക്കുകയാണ് കോട്ടയത്തെ ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രം. നൂതന പ്രക്രിയ പ്രകാരം ഇനി സ്‌കീം ലാറ്റക്‌സിൽ നിന്ന് ഉയർന്ന നിലവാരമുള്ള റബർ ഉത്പാദനത്തിന് സാധിക്കും. സെൻട്രിഫ്യൂജ്‌ഡ് ലാറ്റക്‌സ് (സെനക്‌സ്) ഉത്പാദിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ഉപ ഉത്പന്നമാണ് സ്‌കീം ലാറ്റക്‌സ്. കയ്യുറകൾ, കോണ്ടം, ബലൂണുകൾ തുടങ്ങിയ ഉത്‌പന്നങ്ങളുടെ നിർമാണത്തിനാണ് സെനക്‌സ് സാധാരണ ഉപയോഗിക്കുന്നത്.
ഇന്ത്യയിൽ 40ൽ അധികം സെൻട്രിഫ്യൂജിങ് ഫാക്‌ടറികളാണുള്ളത്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന പ്രകൃതിദത്ത റബറിൻ്റെ 10 ശതമാനം സെനക്‌സ് നിർമാണത്തിനാണ് ഉപയോഗിക്കുന്നത്. നിലവിൽ സ്‌കീം റബർ വീണ്ടെടുക്കുന്ന പ്രക്രിയയിൽ ആദ്യം സ്‌കീം ലാറ്റക്‌സിൽ ആസിഡ് ചേർത്ത് കട്ടയാക്കി സ്‌കീം റബർ സ്ലറി ഉണ്ടാകുന്നു.
ഈ സ്ലറിയിലെ ജലാംശം നീക്കം ചെയ്യുന്നതിനും കട്ടിയാക്കുന്നതിനുമായി പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി രണ്ടാഴ്‌ച സൂക്ഷിക്കും. ഇങ്ങനെ ലഭിക്കുന്ന സ്‌കീം പൗഡറിനെ വീണ്ടും സംസ്‌കരിച്ച് സ്‌കീം ക്രീപ്പാക്കി മാറ്റുന്ന പരമ്പരാഗത രീതിയാണ് നിലവിൽ ചെയ്‌തു വരുന്നത്. ഇതിൽ കുറഞ്ഞ നിലവാരമുള്ള റബറാണ് ലഭിക്കുന്നത്.
പരമ്പരാഗത രീതിയിലെ റബർ നിർമാണത്തിന് ധാരാളം തൊഴിലാളികളെയും ആവശ്യമായി വരുന്നുണ്ട്. ഈ രീതിയിലുള്ള സംസ്‌കരണം ദുർഗന്ധം വമിപ്പിക്കുന്നതുമാണ്. ഇത്തരത്തിലുള്ള നിർമാണം സമീപ പ്രദേശങ്ങളിലെ ജനങ്ങളുടെ എതിർപ്പിനും കാരണമാകാറുണ്ട്. ഈ പ്രതിസന്ധികള്‍ക്കെല്ലാമാണ് ഇതോടെ പരിഹാരമാകുന്നത്.
നൂതന പ്രക്രിയയിലെ ഗുണങ്ങള്‍:
നൂതന പ്രക്രിയയിലൂടെ റബർ ഉത്പാദിപ്പിക്കുമ്പോള്‍ പ്ലാസ്റ്റിക് ചാക്കുകളുടെ ആവശ്യം വേണ്ടിവരുന്നില്ല. മാത്രവുമല്ല സംസ്‌കരണത്തിന് വേണ്ട സമയം 24 മണിക്കൂറായി കുറയുകയും ചെയ്യുന്നു. ദുർഗന്ധം ഇല്ലാതാകുന്നു എന്നതും ഏറ്റവും വലിയ ഗുണമാണ്. ഈ രീതി അധ്വാനം കുറഞ്ഞതും കൂടുതൽ കാര്യക്ഷമവുമായ പ്രകൃയയാണ്. സ്‌കീം ലാറ്റക്‌സിനെ ചില രാസവസ്‌തുക്കൾ ഉപയോഗിച്ച് 24 മണിക്കൂറിനുള്ളിൽ സംസ്‌കരിച്ചെടുത്ത ശേഷം ആസിഡ് ചേർത്ത് ഉറകൂട്ടി റബർ കട്ടകളാക്കിയെടുക്കാൻ കഴിയും.
ഇത്തരം കട്ടകളെ പിന്നീട് സ്‌കീം ക്രീപ്പാക്കി മാറ്റി ഉണക്കിയെടുത്ത് ഉപയോഗിക്കാം. ഈ സാങ്കേതികവിദ്യ സെനക്‌സ് നിർമാതാക്കളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ലാറ്റക്‌സ് പ്രോസസേഴ്‌സിനാണ് കൈമാറിയിരിക്കുന്നത്. മറ്റു സംഘടനകൾക്കും സെനക്‌സ് യൂണിറ്റുകൾക്കും ആവശ്യാനുസരണം സാങ്കേതികവിദ്യ നൽകും.
ഇതിനായി റബർ ബോർഡ് ഫീസും ഈടാക്കും. അതേസമയം ഈ ഉത്പന്നത്തെ ഇന്ത്യൻ പ്യൂരിഫൈഡ് സ്‌കീം റബർ (ഐപിഎസ്ആർ) എന്ന് ബ്രാൻഡ് ചെയ്‌ത് പേറ്റൻ്റ് നേടാനുള്ള നടപടി റബർ ബോർഡ് ആരംഭിച്ചു. ഉൽപന്ന നിർമാണത്തിനായി റബർ വ്യവസായ സംരംഭങ്ങൾ ഐപിഎസ്ആർ സാങ്കേതികവിദ്യ ആവശ്യപ്പെടുന്നതായും ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രം അറിയിച്ചു.
റബർ ബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എം. വസന്തഗേശൻ, റബർ പ്രൊഡക്‌ഷൻ കമ്മിഷണർ ഡോ. ടി സിജു, റബർ ഗവേഷണ കേന്ദ്രം ഡയറക്‌ടർ ഇൻ ചാർജ് ഡോ. എംഡി ജെസി എന്നിവർ പറഞ്ഞു.
Be the first to comment