കോഴിക്കോട്: മെട്രോമാൻ ഇ ശ്രീധരൻ മുന്നോട്ടുവച്ച അതിവേഗ റെയിൽപാതയിൽ പരിഷ്കാരങ്ങൾ നടത്തി പുതിയ റിപ്പോർട്ട്. സ്റ്റോപ്പുകളിലും അതിൻ്റെ എണ്ണത്തിലുമാണ് പരിഷ്കാരങ്ങൾ നടത്തിയിരിക്കുന്നത്. ചങ്ങനാശേരിയെ ഒഴിവാക്കി പത്തനംതിട്ട തിരുവല്ല സ്റ്റോപ്പുകളാണ് പുതിയതായി പ്രഖ്യാപിച്ചത്. മലപ്പുറം ജില്ലയിൽ നിന്ന് തിരൂരിനെ ഒഴിവാക്കി. തിരുവനന്തപുരം സെൻട്രലിനും കണ്ണൂരിനും ഇടയിൽ 20 സ്റ്റോപ്പുകളാണ് ഉണ്ടാവുക.
54,000 കോടി രൂപയാണ് ഏകദേശ ചെലവ് പ്രതീക്ഷിക്കുന്നത്. എസി ചെയർകാർ നിരക്കിൽ ആയിരിക്കും ടിക്കറ്റ് ചാർജ് നിജപ്പെടുത്തുക. പരിഷ്കാരങ്ങൾ വിശദമാക്കിക്കൊണ്ട് ഇ.ശ്രീധരൻ ഇന്ന് മലപ്പുറത്ത് മാധ്യമങ്ങളെ കാണും. “കഴിഞ്ഞ അഞ്ച് ദിവസത്തെ പഠനത്തിൽ നിന്നാണ് ആദ്യത്തെ രൂപരേഖയിൽ നിന്ന് ചെറിയ മാറ്റം വരുത്തിയതെന്ന് ഇ ശ്രീധരൻ ഇടിവി ഭാരതിനോട് പറഞ്ഞു. ജനങ്ങൾക്ക് കുറച്ചുകൂടി റെയിൽവേ സംവിധാനം ഉപയോഗപ്പെടുത്താവുന്ന രീതിയിലാണ് പുതിയ മാറ്റം. നിർമാണത്തിന്റെ സൗകര്യവും ചെലവും കണക്കിലെടുത്താണ് മാറ്റങ്ങൾ അവലംബിക്കുന്നതെന്നും ശ്രീധരൻ പറഞ്ഞു.
സ്റ്റോപ്പുകളെ എങ്ങനെ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത രീതിയിൽ കൂട്ടിയോജിപ്പിക്കാം എന്നതാണ് ആദ്യത്തെ ചിന്ത. അതിനായി മാർഗരേഖ തയ്യാറാക്കി ജനങ്ങളുമായി ആശയവിനിമയം നടത്തും. ഡിപിആർ തയ്യാറാക്കാനുള്ള കേന്ദ്ര അനുമതി ഡിഎംആർസിക്ക് കൈമാറിയ ഉടൻ ജനാഭിപ്രായം തേടും. അതിനുശേഷം ആയിരിക്കും കേന്ദ്രത്തിന് സമർപ്പിക്കേണ്ട പദ്ധതി രേഖ തയ്യാറാക്കുക.
റെയിലിൻ്റെ 70% ആകാശപ്പാതയായും 20% തുരങ്കങ്ങളിലൂടെയും നിർമിക്കുന്നതിനാൽ ഭൂമി ഏറ്റെടുക്കൽ കുറവായിരിക്കും. ജനവാസം ഇല്ലാത്ത പ്രദേശങ്ങളിൽ മാത്രമേ റെയിൽ നിലത്ത് കൂടെ കടന്നുപോകുകയുള്ളൂ. അതിനാൽ ജനരോഷം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ.
കെ റെയിലുമായി ഒരുതരത്തിലുള്ള ബന്ധവും അതിവേഗപാതയ്ക്ക് ഉണ്ടാകില്ലെന്ന് ശ്രീധരൻ സാക്ഷ്യപ്പെടുത്തുന്നു. 20 മീറ്റർ വീതിയിൽ മാത്രമാണ് സ്ഥലം ഏറ്റെടുക്കുക. പ്രവർത്തി പൂർത്തിയായാൽ ഭൂ ഉടമയ്ക്ക് തന്നെ അതേ ഭൂമി ലീസിന് ഏറ്റെടുക്കാം. റെയിൽപാതയ്ക്ക് തടസം വരുന്ന വലിയ കെട്ടിടങ്ങളോ മരങ്ങളോ അവിടെ ഉയരാൻ പാടില്ല എന്നത് മാത്രമാണ് നിബന്ധന.
അതേസമയം കൃഷി ചെയ്യുന്നതിൽ യാതൊരു എതിർപ്പും റെയിൽവേയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. 60 മീറ്ററോളം സ്ഥലമാണ് കെ റെയിലിന് വേണ്ടി ഏറ്റെടുത്തത്. അതുതന്നെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലാണ് ഏറ്റെടുത്തതും. ഉപയോഗിക്കാനോ വിൽക്കാനോ പറ്റാത്ത അവസ്ഥയിൽ അത് കിടക്കുകയാണ്. അതുമായി ബന്ധപ്പെട്ട തർക്കങ്ങളും കേസുകളും സംസ്ഥാന സർക്കാർ തന്നെ തീർക്കണം. പുതിയ റെയിൽപാതയ്ക്ക് അതുമായി യാതൊരു ബന്ധവും ഉണ്ടാകില്ല.
51 ശതമാനം കേന്ദ്രവും 49 ശതമാനം സംസ്ഥാനവും വഹിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. കൊങ്കൺ റെയിൽവേ മോഡലിൽ ആയിരിക്കും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. വിശദമായ പദ്ധതി രേഖ സമർപ്പിച്ച് മന്ത്രാലയത്തിന്റെ പച്ചക്കൊടി കിട്ടിയാൽ തന്നെ പ്രവർത്തനങ്ങൾ ആരംഭിക്കും. കേന്ദ്ര സർക്കാരിൻ്റെ അന്തിമാനുമതി വൈകിയാലും പ്രവർത്തികളെ ബാധിക്കില്ല.
കേരളത്തിൽ കേന്ദ്രത്തിന്റേതായി ഒരു അതിവേഗ റെയിൽ വരുമെന്ന കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിൻ്റെ ഉറപ്പിലാണ് താൻ ശക്തമായി രംഗത്തിറങ്ങിയതെന്നും സംസ്ഥാന സർക്കാർ ഇതിനോട് പൂർണമായും യോജിക്കും എന്നാണ് പ്രതീക്ഷയെന്നും ഈ ശ്രീധരൻ ആവർത്തിച്ചു. ആർആർടിഎസ് (റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം) വേഗ റെയിൽ ലൈനുമായി സംസ്ഥാന സർക്കാർ അതിവേഗം മുന്നോട്ട് പോകുമ്പോഴാണ് ഈ ശ്രീധരനും തന്റെ പാതയുമായി മുന്നോട്ടുപോകുന്നത്. പ്രഖ്യാപനത്തിലൂടെ സർക്കാർ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഇ. ശ്രീധരൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.



Be the first to comment