പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

മലപ്പുറം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വയനാട്ടിലെ ഭവന നിർമാണവുമായി ബന്ധപ്പെട്ട കോൺഗ്രസിൻ്റെ വാഗ്‌ദാനങ്ങളെയാണ് എംവി ഗോവിന്ദൻ രൂക്ഷമായി വിമർശിച്ചത്. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാട്ടിൽ നിർമാണം പുരോഗമിക്കുന്ന പുതിയ ടൗൺഷിപ്പ് പദ്ധതി സിപിഎം നേതൃത്വം സന്ദർശിച്ചതായും 178 വീടുകൾ ഉടൻ കൈമാറാനൊരുങ്ങുകയാണെന്നും എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് 230 വീടുകൾ നിർമിക്കുമെന്ന് മുമ്പ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒരു വീടിൻ്റെ തറക്കല്ല് പോലും ഇതുവരെ ഇടാത്ത അവസ്ഥയാണ്. എന്നാൽ ഇപ്പോൾ പറയുന്നു 100 വീടുകൾ നിർമിക്കുമെന്നാണ്. മുമ്പ് വാഗ്‌ദാനം ചെയ്‌ത വീടുകളുടെ തറക്കല്ല് ഇടാത്ത അവസ്ഥയിൽ എങ്ങനെയാണ് വീടുകൾ ഉടൻ പൂർത്തിയാക്കുകയെന്നും അദ്ദേഹം ചോദിച്ചു.

വീട് നിർമിക്കാൻ സർക്കാർ ഭൂമി നൽകിയില്ലെന്ന ആരോപണം കല്ല് വച്ച നുണയാണെന്നും 2024 ഡിസംബർ 30ന് നടന്ന യോഗത്തിൽ തന്നെ സ്പോൺസർമാർക്ക് ഭൂമി നൽകില്ലെന്ന് വ്യക്തമാക്കിയിരുന്നുവെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. കർണാടക 100 വീടുകൾക്കായി നൽകിയ തുക എങ്ങനെ കോൺഗ്രസിൻ്റെ സംഭാവനയായി കണക്കാക്കുമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്ര കോൺഗ്രസ് എംഎൽഎമാരും എംപിമാരും സംഭാവന നൽകിയിട്ടുണ്ടെന്നും അദ്ദേഹം വാദിച്ചു.

പാഠപുസ്‌തക വിതരണം വരും ദിവസങ്ങളിൽ

പാഠപുസ്‌തകൾ വൈകില്ലെന്ന് എംവി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. യുഡിഎഫ് ഭരണത്തിൽ ഉണ്ടായിരുന്ന സമയത്ത് ഓണം നേരത്തെ വന്നത് കൊണ്ടാണ് പുസ്‌തകം കൊടുക്കാൻ സാധിക്കാതെ ഇരുന്നതെന്നായിരുന്നു അന്നത്തെ വിദ്യഭ്യാസ മന്ത്രി പറഞ്ഞത്. എന്നാൽ ചരിത്രത്തിലാദ്യമായി 2026-27 അധ്യായന വർഷത്തേക്കുള്ള പാഠ പുസ്‌തകങ്ങൾ ഈ മാസം തന്നെ നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെബ്രുവരി 12ന് മുഖ്യമന്ത്രി പുസ്‌തകം വിതരണോദ്‌ഘാടനം ചെയ്യും. ആദ്യമായാണ് സ്‌കൂൾ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പുസ്‌തകം വിതരണം ചെയ്യുന്നത്. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസിലെ കുട്ടികൾക്കുള്ള പാഠ പുസ്‌തകമാണ് വിതരണം ചെയ്യുന്നത്. കഴിഞ്ഞ തവണ മാർച്ചിലാണ് വിതരണം നടത്തിയത്. ഇത്തവണ നേരത്തെയാണെന്നും അതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടത് പക്ഷത്തെ പിന്തുണച്ച് കെവിവിഎസ്: വ്യപാരി വ്യവസായി ഏകോപന സമിതിയുടെ എല്ലാവിധ പിന്തുണയും എൽഡിഎഫിന് ലഭിക്കുമെന്ന് സംഘടന അറിയിച്ചതായി എംവി ഗോവിന്ദൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ നിലപാടിനെ എടുത്ത് പറയുകയും എല്ലാ ഘട്ടത്തിൽ ഒപ്പം നിന്ന സർക്കാരിനെ പിന്തുണക്കാനാണ് സമിതിയുടെ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*