
ന്യൂപോര്‍ട്ട്, യു കെ: സ്വന്തം വീട്ടുമുറ്റത്തുണ്ടായിരുന്ന ചരിത്രപ്രാധാന്യമുള്ള മരം മുറിച്ച വീട്ടമ്മയ്ക്ക് 1,16,000 പൗണ്ടിന്റെ പിഴ വിധിച്ചു കോടതി. 13 വര്‍ഷം നീണ്ട നിയമനടപടികള്‍ക്കൊടുവിലാണ് ശിക്ഷ വിധിച്ചത്. കമ്പനി ഡയറക്ടര്‍ ആയ ക്ലെയര്‍ റാന്‍ഡ്‌സ്, തന്റെ ആഡംബര വസതിയിലെ പൂന്തോട്ടത്തിലെ നൂറ് വര്‍ഷം പഴക്കമുള്ള നാരകം മുറിച്ചു മാറ്റാന്‍ നിരവധി തവണ പ്ലാനിംഗില്‍ അപേക്ഷ നൽകിയിരുന്നു. എന്നാല്‍, അതെല്ലാം തിരസ്‌കരിക്കപ്പെടുകയായിരുന്നു. വീടിനോടു ചേർന്നുള്ള പുല്‍പ്രദേശത്ത് ഉണ്ടായേക്കാവുന്ന അഗ്‌നിബാധ ഈ മരത്തിലേക്കും പടരുമെന്ന ഭയമായിരുന്നു അത് മുറിച്ചുമാറ്റാന്‍ അവരെ പ്രേരിപ്പിച്ചത്. ട്രീ പ്രിവന്‍ഷന്‍ ഓര്‍ഡര്‍ (ടി പി ഒ) പ്രകാരം സംരക്ഷിക്കപ്പെടേണ്ട മരമായിരുന്നു അത്.
തെക്കന്‍ വെയ്ല്‍സിലെ, ന്യൂപോര്‍ട്ട് നഗരത്തിനോട് ചേർന്ന് കിടക്കുന്ന പ്രദേശത്തെ നാലു ലക്ഷം പൗണ്ട് വില വരുന്ന വീടിന്റെ വില ഈ മരം മുറിച്ചു മാറ്റിയാല്‍ 50,000 പൗണ്ട് വരെ വര്‍ദ്ധിക്കുമെന്ന ധാരണയിലാണ് ഇത് സംഭവിച്ചതെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്.
തുടര്‍ന്ന് ന്യൂപോര്‍ട്ട് കൗണ്‍സില്‍ ഫയല്‍ ചെയ്ത ഒരു സ്വകാര്യ അന്യായത്തിലാണ്, റാന്‍ഡ്‌സ് മരം മുറിച്ചതില്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. എന്നാല്‍, അവരുടെ ഭര്‍ത്താവിനെ കോടതി കുറ്റവിമുക്തനാക്കി. 16,000 പൗണ്ട് പിഴയും ഒരു ലക്ഷം പൗണ്ടിന്റെ കോടതി ചെലവുമാണ് കോടതി വിധിച്ചത്.
Be the first to comment