നല്ല ഉറക്കത്തിന് എത്രത്തോളം വ്യായാമം ചെയ്യണം?

ആരോ​ഗ്യം സംരക്ഷിക്കാൻ ഉറക്കത്തിന്റെയും വ്യായാമത്തിന്റെയും പങ്ക് എത്രത്തോളം വലുതാണെന്ന് നമ്മൾക്കെല്ലാവർക്കും അറിയാം. പകൽ നന്നായി വ്യായാമം ചെയ്യുന്നത് രാത്രി ഉറക്കത്തിന്റെ ​ഗുണനിലവാരം മെച്ചപ്പെടുത്തുമെന്ന് പഠനമങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഉറക്കമില്ലായ്മ ഹൃ​ദ്രോ​ഗങ്ങൾ, പക്ഷാഘാതം, അമിതവണ്ണം തുടങ്ങിയവയ്ക്ക് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

യൂറോപ്പിലെ ഐസ്ലൻഡിലെ റേകവിക് സർവകലാശാല ​ഗവേഷകർ സമീപകാലത്ത് നടത്തിയ ഒരു പഠനത്തിൽ ആഴ്ചയിൽ ഒന്നോ-രണ്ടോ തവണ പോലും ഒരു മണിക്കൂർ വീതം വ്യായാമം ചെയ്യുന്നത് സുഖകരമായ ഉറക്കം ലഭിക്കാൻ സഹായിക്കുമെന്ന് വ്യക്തമാക്കുന്നു. വ്യായാമം ഉറക്കം കിട്ടാൻ സഹായിക്കുന്നുവെന്ന് പലപഠനങ്ങളും തെളിയിച്ചിട്ടുണ്ടെങ്കിലും വ്യായാമം എത്രത്തോളം ഗുണം ചെയ്യുമെന്നതു സംബന്ധിച്ച് പഠനങ്ങൾ വന്നിട്ടില്ല. അതിനുള്ള ഉത്തരം കണ്ടെത്തുകയായിരുന്നു ​​ഗവേഷകർ.

ഒമ്പത് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള 4,399 പേരുടെ ആരോ​ഗ്യവിവരങ്ങളാണ് പഠനത്തിനായി സ്വീകരിച്ചത്. 10 വർഷത്തോളം നീണ്ട പഠനകാലയളവിൽ ഇവരുടെ വ്യായാമ ശീലം, ഉറക്കക്കുറവ്, ഉറക്കത്തിന്റെ ദൈർഘ്യം, പകൽസമയത്തെ ഉറക്കം തുടങ്ങിയവ പരിശോധിച്ചു. ആഴ്ചയിൽ ഒരു മണിക്കൂറോ അതിലധികമോ വീതം മൂന്നു പ്രാവശ്യം വ്യായാമം ചെയ്യുന്നവർ നല്ല ശാരീരിക പ്രവർത്തനം ഉള്ളവരാണെന്ന് വ്യക്തമാക്കി. പഠനത്തിൽ പങ്കാളികളായവരിൽ 25 ശതമാനം പേർ വ്യായാമത്തിൽ സജീവമായവരും 18 ശതമാനം പേർ പിന്നീട് സജീവമായവരും 20 ശതമാനം പേർ തീരെ വ്യായാമം ഇല്ലാത്തവരുമായിരുന്നു.

തുടർന്നാണ് ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും നന്നായി വ്യായാമം ചെയ്യുന്നവരിൽ രാത്രി കാലങ്ങളിൽ ഉറങ്ങാൻ വൈകുന്ന അവസ്ഥ 42 ശതമാനം കുറവും ഇൻസോംനിയ ലക്ഷണങ്ങൾ പ്രകടമാകുന്നത് 22 ശതമാനം കുറവുമായിരിക്കുമെന്ന് ​ഗവേഷകർ കണ്ടെത്തി. വ്യായാമം ശീലമാക്കിയിട്ടുള്ളവരിൽ ആറുമുതൽ ഒമ്പതുമണിക്കൂർ വരെ ഉറക്കം ലഭിക്കുമെന്നും ​ഗവേഷകർ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*