ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒരു മാക്രോ ന്യൂട്രിയന്റ് ആണ് പ്രോട്ടീൻ. ഹോര്‍മോണ്‍ സന്തുലനം നിലനിര്‍ത്തേണ്ടതിനും കോശങ്ങളുടെ വളര്‍ച്ചയ്ക്കും പേശികളുടെ ബലത്തിനും ശരീരത്തില്‍ പ്രോട്ടീന്‍ കൂടിയേ തീരൂ. എന്നാൽ പ്രോട്ടീന്റെ അളവു കൂടിയാലോ, അതും ദോഷമാണ്. ഇത് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുക മുതൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. അതുകൊണ്ട് തന്നെ പ്രോട്ടീന്റെ അളവും കൃത്യമായി ശരീരത്തിൽ നിലനിർത്തേണ്ടത് അനിവാര്യമാണ്.
പ്രായം, ലിംഗഭേദം, ശാരീരിക പ്രവര്‍ത്തനങ്ങൾ എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് ശരീരത്തിൽ എത്രട്ടോളം പ്രോട്ടീന്‍ ആവശ്യമാണെന്ന് തീരുമാനിക്കുന്നത്. ആരോഗ്യമുള്ള മുതിർന്ന ഒപി വ്യക്തിക്ക് ഒരു കിലോഗ്രാം ശരീരഭാരത്തിന് ഏകദേശം 0.8 ഗ്രാം പ്രോട്ടീൻ ആണ് ഡയറ്ററി അലവൻസ് ശുപാർശ ചെയ്യുന്നത്. ഒന്ന് മുതല്‍ മൂന്ന് വരെ പ്രായമായ കുട്ടികള്‍ക്ക് ദിവസവും 13 ഗ്രാം പ്രോട്ടീന്‍ ആവശ്യമാണ്. കൗമാരക്കാരായ പെണ്‍കുട്ടികൾക്ക് 46 ഗ്രാമും ആണ്‍കുട്ടികൾക്ക് 52 ഗ്രാം പ്രോട്ടീനുമാണ് ദിവസവും നൽകേണ്ടതെന്നും ന്യൂട്രീഷന്‍ വിദഗ്ധ ഡോ. പ്രീതി കോര്‍ഗോണ്‍കര്‍ പറയുന്നു.
കൂടാതെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതനുസരിച്ചും പ്രോട്ടീന്‍ അകത്തേക്ക് എടുക്കേണ്ട അളവില്‍ വ്യത്യാസം വരും. കായിക രംഗത്തുള്ളവർ തങ്ങളുടെ ഒരു കിലോഗ്രാം ശരീരഭാരത്തിന് ഏകദേശം 1.2 മുതല്‍ 2.0 ഗ്രാം വരെ പ്രോട്ടീൻ സ്വീകരിക്കേണ്ടതുണ്ട്. ഗര്‍ഭിണികള്‍, കുട്ടിയുടെ വളര്‍ച്ച അനുസരിച്ച് 25 ഗ്രാം അധിക പ്രോട്ടീന്‍ കഴിക്കണമെന്നും ന്യൂട്രീഷൻ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
പ്രോട്ടീൻ കഴിക്കാൻ നല്ല സമയം
മാംസം, മീന്‍, മുട്ട, പാല്‍, ബീന്‍സ്, നട്‌സ്, വിത്തുകള്‍ എന്നിവയിലെല്ലാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പേശികളുടെ കരുത്തിനും വളർച്ചയ്ക്കും വ്യായാമം ചെയ്ത ശേഷം 30 മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെ പ്രോട്ടീൻ കഴിക്കുന്നത് ആരോഗ്യകരമാണ്. കായകരംഗത്തുള്ളവർക്കും ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ഈ രീതി ഗുണം ചെയ്യും.



Be the first to comment