ജലാംശം ഇല്ലാതെ ശരീരത്തിൽ ഒരു അവയവത്തിനും പ്രവർത്തിക്കാനാകില്ല. ഹൃദയമിടിപ്പ് ക്രമീകരിക്കുന്നതു മുതൽ മാലിന്യങ്ങൾ പുറന്തുള്ളതിന് വരെ ജലാംശം കൂടിയേ തീരു. ശരീരത്തിൽ ജലാംശം നിലനിർത്താൻ ഏറ്റവും മികച്ച മാർഗം വെള്ളം കുടിക്കുക എന്നതാണ്. എന്നാൽ വെള്ളം മാത്രമല്ല, ദ്രാവക രൂപത്തിലുള്ള ഭക്ഷണം, ജലാംശം അടങ്ങിയ പഴങ്ങൾ എന്നിവയെല്ലാം ശരീരത്തിന് ജലാംശം ഉണ്ടാകാൻ സഹായിക്കും.
ഒരു ദിവസം എത്രമാത്രം വെള്ളം കുടിക്കണം
ശരീരഭാരം, പ്രായം തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് ശരീരത്തിൽ വേണ്ട ജലാംശത്തിന്റെ അളവു കണക്കാക്കുന്നത്. എന്നിരുന്നാലും ആരോഗ്യമുള്ള ഒരു പുരുഷന് 3.5 ലീറ്റർ വരെയും സ്ത്രീകൾക്ക് 2.5 ലീറ്റർ വരെയും വെള്ളം കുടിക്കാം. എന്നാൽ പ്രായമായവരും വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്കും 8 – 10 ഗ്ലാസ് ( 1.5 – 2 ലീറ്റർ ) വരെ അളവിൽ വെള്ളം കുടിക്കുന്നതാണ് നല്ലത്. കാരണം ഇവർക്ക് കൂടുതൽ ജലം പുറത്തേക്ക് കളയാൻ പരിമിതികളുണ്ട്.
അമിതമായ ജലാംശം ശരീരത്തിൽ കെട്ടിക്കിടന്നാൽ വാട്ടർ ഇന്റോക്‌സിക്കേഷൻ എന്ന അവസ്ഥയുണ്ടാകാൻ കാരണമാകും. ഇത്തരക്കാർക്ക് രക്തത്തിലെ സോഡിയത്തിന്റെ അംശവും കുറഞ്ഞു പോകാം. ഓർമക്കുറവ്, തളർച്ച, ഛർദി, അപസ്മാരം, അബോധാവസ്ഥ എന്നിവയ്ക്കും സാധ്യതയുണ്ട്. ഈ അവസ്ഥ തക്കസമയത്ത് തിരിച്ചറിഞ്ഞില്ലെങ്കിൽ ഗുരുതരമാകാം.
നിർജ്ജലീകരണം
ആവശ്യത്തിന് ശരീരത്തിൽ വെള്ളം എത്താതിരുന്നാൽ അത് നിർജ്ജലീകരണത്തിലേക്ക് നയിക്കും. ഇത് മൂലം ഓർമക്കുറവ്, പെട്ടെന്നുണ്ടാകുന്ന സ്ഥലകാലവിഭ്രമം എന്നിവ സംഭവിക്കാം. രക്തസമ്മർദവും ഹൃദയമിടിപ്പും താഴാൻ സാധ്യതയുണ്ട്. തലച്ചോറിന്റെ പ്രവർത്തനവും കുറയും. പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയവയ്ക്കു വരെ നിർജലീകരണം കാരണമാകാം.
ശരീരത്തിൽ ജലാംശം നിലനിർത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- രണ്ട് മണിക്കൂർ ഇടവേളയിൽ വെള്ളം കുടിക്കാൻ ഓർക്കുക. ഒരു കുപ്പി വെള്ളം കൂടെ കരുതുന്നത് ഇത് എളുപ്പമാക്കും. കൂടാതെ ജ്യൂസ്, കരിക്കിൻ വെള്ളം, സൂപ്പ്, തണ്ണിമത്തൻ, ഓറഞ്ച് പോലുള്ള പഴങ്ങൾ എന്നിവ ഇടയ്ക്ക് കഴിക്കുന്നത് നിർജ്ജലീകരണം തടയാൻ സഹായിക്കും.
- പ്രായമായവർ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അസ്വസ്ഥതയോ ശ്വാസംമുട്ടലോ ശ്രദ്ധക്കുറവോ പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക, നിർജലീകരണത്തിന്റെ ലക്ഷണമാകാം.



Be the first to comment