പ്ലസ് വൺ ആദ്യ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു; പരിശോധിക്കേണ്ടത് ഇങ്ങനെ

തിരുവനന്തപുരം: കേരള പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു. https://hscap.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് അലോട്ട്മെൻ്റ് വിവരങ്ങൾ വിദ്യാര്‍ഥികള്‍ക്ക് പരിശോധിക്കാം. ജൂൺ 3 ചൊവ്വാഴ്‌ച 10 മണി മുതൽ ജൂൺ 5 വ്യാഴാഴ്‌ച വൈകിട്ട് അഞ്ച് മണി വരെ വിദ്യാർഥികൾക്ക് അലോട്ട്‌മെൻ്റ് ലഭിച്ച സ്‌കൂളിൽ ചേരാൻ അവസരം ലഭിക്കും. പ്ലസ് വൺ പ്രവേശനത്തിന് മൂന്ന് അലോട്ട്മെൻ്റുകളാണ് ആകെയുള്ളത്. ആദ്യ അലോട്ട്മെൻ്റ് പ്രവേശനം പൂർത്തിയായ ശേഷം ജൂൺ 10ന് രണ്ടാം അലോട്ട്മെൻ്റ് പട്ടിക പ്രസിദ്ധീകരിക്കും. ജൂൺ 16 നാണ് മൂന്നാം അലോട്ട്മെൻ്റ്.

ജൂൺ 18 ബുധനാഴ്‌ച പ്ലസ് വൺ ക്ലാസ് ആരംഭിക്കും. മൂന്ന് അലോട്ട്മെൻ്റ് പൂർത്തിയായിട്ടും അഡ്‌മിഷൻ ലഭിക്കാത്തവർക്ക് സപ്ലിമെൻ്ററി അലോട്ട്മെൻ്റിനായി പുതിയ ഓപ്ഷനുകൾ ചേർത്ത് അപേക്ഷ പുതുക്കാൻ അവസരം ലഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. ജൂൺ 28 മുതൽ ജൂലായ് 23 വരെയാണ് സപ്ലിമെൻ്ററി അലോട്ട്മെൻ്റ്.

ആദ്യ ഓപ്ഷനിൽതന്നെ അലോട്ട്മെൻ്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരം പ്രവേശനം നേടണം. അല്ലാത്തവർക്ക് ഉയർന്ന ഓപ്ഷനുകൾ ഒഴിവാക്കി സ്ഥിരം പ്രവേശനം നേടാം. അല്ലെങ്കിൽ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി താത്കാലിക പ്രവേശനത്തിന് അവസരമുണ്ട്. ഇതിന് ഫീസ് അടയ്‌ക്കേണ്ടതില്ല. അടുത്ത അലോട്ട്മെൻ്റിലും ആദ്യ ഓപ്ഷൻ കിട്ടിയില്ലെങ്കിൽ താത്കാലിക പ്രവേശനം നേടാം. ഇതിനായി ആദ്യം ചേർന്ന സ്‌കൂളിൽനിന്ന് സർട്ടിഫിക്കറ്റുകൾ വാങ്ങുന്നതിന് തടസമില്ല. എന്നാൽ, മൂന്നാമത്തെ അലോട്ട്മെൻ്റിൽ സ്ഥിരം പ്രവേശനം നിർബന്ധമാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.

പ്ലസ് വണ്‍ അലോട്ട്‌മെൻ്റ് പരിശോധിക്കേണ്ടത് ഇങ്ങനെ…

  • ആദ്യം hscap.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
  • ശേഷം, ‘പ്ലസ് വൺ അലോട്ട്മെൻ്റ് ഫലം 2025’ ലിങ്കിൽ ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ ‘കാൻഡിഡേറ്റ് ലോഗിൻ’ വിഭാഗത്തിലേക്ക് പോകുക
  • നിങ്ങളുടെ അപേക്ഷാ നമ്പർ, ജനനത്തീയതി, ആവശ്യമായ വിശദാംശങ്ങൾ എന്നിവ നൽകുക
  • ‘സമർപ്പിക്കുക’ എന്നതിൽ ക്ലിക്ക് ചെയ്യുക
  • ഇനി അലോട്ട്മെൻ്റ് ഫലം കാണുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്യാം

Be the first to comment

Leave a Reply

Your email address will not be published.


*