എയർഫ്രയർ ഉപയോ​ഗിക്കുന്നവരാണോ? വൃത്തിയാക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഇന്നത്തെ മോഡേൺ അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഉപകരണമാണ് എയർ ഫ്രയർ. എണ്ണയും സമയവും ലാഭിച്ച് ആരോ​ഗ്യകരമായ രീതിയിലൂടെ പാചകം എളുപ്പമാക്കുമെന്നതാണ് എയർ ഫ്രയറിന്റെ പ്രത്യേകത. എന്നാൽ ശരിയായ രീതിയിൽ പരിചരണം നൽകിയില്ലെങ്കിൽ എയർഫ്രയർ പെട്ടെന്ന് കേടാകാനും സാധ്യതയുണ്ട്. ഓരോ തവണ ഉപയോഗത്തിന് ശേഷവും എയർഫ്രയർ വ്യത്തിയാക്കേണ്ടത് അനിവാര്യമാണ്. അല്ലെങ്കിൽ ഭക്ഷണാവശിഷ്ടങ്ങൾ പറ്റിപ്പിടിക്കുകയും ദുർ​ഗന്ധം ഉണ്ടാവുകയും ചെയ്യും.

എയർഫ്രയർ വൃത്തിയാക്കേണ്ടത് എങ്ങനെ

  • എയർഫ്രയറിന്റെ ബാസ്ക്കറ്റും ട്രെയും വേണം ആദ്യം വൃത്തിയാക്കേണ്ടത്.
  • ഉപയോ​ഗത്തിന് ശേഷം ഇവ ഊരിമാറ്റി, ചെറുചൂടുള്ള വെള്ളത്തിൽ അൽപം സോപ്പ് ചേർത്ത് 10 മിനിറ്റ് മുക്കിവയ്ക്കാം. അഴുക്ക് എളുപ്പത്തിൽ ഇളകി വരാൻ ഇത് സഹായിക്കും.
  • ശേഷം ഒരു സ്‌ക്രബർ ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കാം.

ട്രേയിലെ കറകൾ കഠിനമാണെങ്കിൽ ബേക്കിങ് സോഡ ഉപയോഗിക്കാം. രണ്ട് ടേബിൾ സ്പൂൺ ബേക്കിങ് സോഡ വെള്ളത്തിൽ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി കറയുള്ള ഭാഗങ്ങളിൽ തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം ഇത് ഉരച്ചു കഴുകിയാൽ കറകൾ പൂർണ്ണമായും നീക്കം ചെയ്യാം.

എയർ ഫ്രയറിന്റെ ഉൾവശം വൃത്തിയാക്കാനും ശ്രദ്ധിക്കണം. പ്രത്യേകിച്ച്, ചൂട് പുറപ്പെടുവിക്കുന്ന ഹീറ്റിങ് കോയിൽ ഉള്ള ഭാഗം കൃത്യമായി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഈ ഭാഗത്ത് അഴുക്ക് അടിഞ്ഞുകൂടിയാൽ ഉപകരണത്തിന്റെ പ്രവർത്തനക്ഷമത കുറയാൻ ഇടയാക്കും.

കൂടാതെ, എയർ ഫ്രയറിലെ ദുർഗന്ധം അകറ്റാൻ നാരങ്ങയോ വിനാഗിരിയോ ഉപയോഗിക്കുന്നത് മികച്ച ഫലം നൽകും. പകുതി മുറിച്ച നാരങ്ങ വെള്ളത്തിലിട്ട് എയർ ഫ്രയറിനുള്ളിൽ വെച്ച് ചൂടാക്കുന്നത് വഴി ഉള്ളിലെ അനാവശ്യ ഗന്ധങ്ങൾ എളുപ്പത്തിൽ ഒഴിവാക്കാൻ സാധിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*