പച്ചരി പോലുള്ളവ സൂക്ഷിക്കുമ്പോൾ ചെള്ളും പുഴുവും കയറുന്നുവെന്ന പരാതി സാധാരണമാണ്. ഈർപ്പമുള്ള സാഹചര്യത്തിൽ ഇവ പെരുകാനും നല്ല അരി പോലും മോശമാക്കാനും കാരണമാകും. ഇത്തരം അരി കളയുകയല്ലാതെ മറ്റ് മാർഗമുണ്ടാവില്ല. എന്നാൽ അരിക്കുള്ളിലെ കീടബാധ ചെറുക്കാനും ഫ്രഷ്നസ് പിടിച്ചുനിർത്താനും ചില സിമ്പിൾ ടെക്നിക്കുകൾ ഉണ്ട്.
വേപ്പില പ്രയോഗം
കീടങ്ങളെ തുരത്താനുള്ള മികച്ച മാർഗമാണ് വേപ്പില, നന്നായി ഉണങ്ങിയ വേപ്പിലകൾ അരയിൽ കലർത്തുകയോ പാത്രത്തിൻ്റെ ഉപരിതലത്തിൽ വിതറുകയോ ചെയ്യുക. വേപ്പിലയുടെ കയ്പ്പും പ്രകൃതിദത്ത സംയുക്തങ്ങളും പ്രാണികളുടെ ആക്രമണം ഉണ്ടാകാതെ ചെറുക്കും.
ചുവന്ന മുളകുകൾ
ഉണങ്ങിയ ചുവന്ന മുളക് കുറച്ചെടുത്ത് അരി പാത്രത്തിൻ്റെ മുകളിലോ മധ്യത്തിലോ വയ്ക്കുക. ഇവയുടെ തീവ്രമായ ഗന്ധം കീടങ്ങൾ അരിയിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയും.
ഗ്രാമ്പൂ/കുരുമുളക്
കുറച്ച് ഗ്രാമ്പൂവോ കറുത്ത കുരുമുളകോ ഒരു ചെറിയ കോട്ടൺ തുണിയിൽ കെട്ടി അരി പാത്രത്തിനുള്ളിൽ വെക്കുന്നത് പ്രാണികളെ അകറ്റാൻ സഹായിക്കും. അരിയിൽ ഇതിനകം കീടബാധയുണ്ടെങ്കിൽ പോലും അത് എളുപ്പത്തിൽ വൃത്തിയാക്കി ഉപയോഗിക്കാൻ സാധിക്കും.
അരി പാത്രത്തിൽ സൂക്ഷിക്കുന്നതിന് മുൻപ്
വൃത്തിയുള്ള തുണിയിലോ പ്ലാസ്റ്റിക് ഷീറ്റിലോ അരി വിതറി, വെയിലത്ത് വെച്ച് നന്നായി ഉണങ്ങിയ ശേഷം അരി നന്നായി അരിച്ചെടുക്കുക. അതിൽ പ്രാണികളോ കീടങ്ങളോ ഉണ്ടെങ്കിൽ നീക്കം ചെയ്യുന്നതിന് വേണ്ടിയാണിത്. ശേഷം മുകളിൽ സൂചിപ്പിച്ച പ്രകൃതിദത്ത പ്രതിരോധ മാർഗ്ഗങ്ങളിൽ (വേപ്പില, മുളക്, ഗ്രാമ്പൂ) ഒന്ന് പാത്രത്തിൽ ചേർക്കുന്നത് പ്രശ്നം ആവർത്തിക്കാതിരിക്കാൻ സഹായിക്കും. അരി പാത്രങ്ങൾ വായു കടക്കാത്തതും തണുത്തതുമായ സ്ഥലങ്ങളിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കുക.



Be the first to comment