കുറഞ്ഞ ചെലവിൽ പ്രോട്ടീൻ ഉൾപ്പെടെ പല അവശ്യ പോഷകങ്ങളും നൽകുന്ന ഭക്ഷണമാണ് മുട്ട. വീട്ടിൽ സ്ഥിരം ഉപയോഗിക്കുന്നതു കൊണ്ട് തന്നെ, മിക്കവാറും ഒന്നിച്ചു വാങ്ങി വയ്ക്കുകയായിരിക്കും പതിവ്. പുറത്താണ് വയ്ക്കുന്നതെങ്കിൽ മുട്ട പെട്ടെന്ന് ചീത്തയായി പോകാനുള്ള സാധ്യതയുണ്ട്. ഫ്രിഡ്ജിൽ ആണെങ്കിൽ പോലും സുരക്ഷിതമായി സൂക്ഷിച്ചില്ലെങ്കിൽ അവ ചീത്തയാകാം.
ഫ്ലോട്ടിങ് ടെസ്റ്റ്
മുട്ട വെള്ളത്തലിട്ട് പരീക്ഷിക്കുന്നതാണ് ഫ്ലോട്ടിങ് ടെസ്റ്റ്. അതായത്, ഒരു പാത്രത്തിൽ പകുതിയിലധികം വെള്ളമെടുത്ത് അതിലേക്ക് മുട്ട ഇടുക. വെള്ളത്തിൽ മുട്ട പൊങ്ങി കിടക്കുകയാണെങ്കിൽ അത് ചീത്തയായെന്നാണ് അർഥം. പകരം അവ പാത്രത്തിനടിയിൽ തിരശ്ചീനമായി നിൽക്കുന്നുണ്ടെങ്കിൽ മുട്ട കേടായിട്ടില്ലെന്ന് ഉറപ്പിക്കാം.
കുലുക്കിനോക്കാം
മുട്ട ചെവിയോട് ചേർത്ത് പിടിച്ചുകുലുക്കി നോക്കാം. മുട്ടയുടെ ഉൾവശം കുലുങ്ങുന്നുണ്ടെങ്കിൽ അത് പഴകിയ മുട്ടയാണ്, പഴക്കമില്ലാത്ത മുട്ട കുലുക്കിയാല്‍ ശബ്ദം കേള്‍ക്കില്ല.
മണം
മുട്ട പൊട്ടിക്കുമ്പോൾ ഒരു സൾഫർ മണം അഥവാ അഴുകി ഗന്ധം വരുന്നുണ്ടെങ്കിൽ അത് കേടായതാണെന്ന് മനസിലാക്കണം. അത് ആരോഗ്യ ഹാനികരമാണ്.
മുട്ടയുടെ മഞ്ഞക്കരു
- മുട്ട ഒരു പാത്രത്തിലേക്ക് പൊട്ടിച്ചൊഴിക്കുക. മഞ്ഞക്കരു നന്നായി പൊന്തി നില്‍ക്കുകയും വെള്ളക്കരു പടരാതെ മഞ്ഞയുടെ ചുറ്റുംതന്നെ നില്‍ക്കുകയും ചെയ്യുകയാണെങ്കില്‍ അത് നല്ല മുട്ടയാണ്. അതല്ല വെള്ളക്കരു വെളളം ഒഴുകുന്നതുപോലെ വശങ്ങളിലേക്ക് പടരുകയും മഞ്ഞ പൊട്ടി പോകുകയും ചെയ്യുകയാണെങ്കില്‍ ആ മുട്ട ചീഞ്ഞതായിരിക്കും.
- മുട്ട പൊട്ടിച്ച് കൈയ്യിലേക്ക് ഒഴിച്ച് നോക്കുക. ഉണ്ണി കയ്യില്‍ നില്‍ക്കുകയും വെള്ളക്കരു അപ്പാടെ താഴേക്ക് പോവുകയും ചെയ്യുകയാണെങ്കില്‍ മുട്ട നല്ലതാണ്.



Be the first to comment