മഞ്ഞുകാലത്തെ പനിയും ജലദോഷവും ഒഴിവാക്കണോ? ഈയൊരൊറ്റ കാര്യം ശ്രദ്ധിച്ചാൽ മതി

തണുപ്പായാൽ പിന്നെ, ചുമയും തുമ്മലും ജലദോഷവും പിന്നാലെ കൂടും. ശൈത്യകാലത്തെ പ്രതിരോധശേഷി കൂട്ടാൻ ഇഞ്ചിയും, മഞ്ഞളും ചുക്ക്‌ കാപ്പിയുമൊക്കെയാണ് താരങ്ങൾ. എന്നാല്‍ വളരെ സിംപിളായി പ്രതിരോധ ശക്തിയെ മെച്ചപ്പെടുത്താൻ ഒരു വഴിയുണ്ട്‌. രാത്രി നന്നായി ഉറങ്ങാൽ മതി!. ഉറക്കവും പ്രതിരോധസംവിധാനവും തമ്മിൽ നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു.

നമ്മൾ ഉറങ്ങുമ്പോഴാണ് പ്രതിരോധ കോശങ്ങളെ ചലിക്കാൻ സഹായിക്കുന്ന ഹോര്‍മോണുകളെ ശരീരം പുറത്തേക്ക്‌ വിടുന്നത്‌. പലതരം അണുക്കളെ ശരീരം കൈകാര്യം ചെയ്യുന്നതും അവയവങ്ങളുടെ കേട്‌ പാട്‌ തീര്‍ത്ത്‌ ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുന്നതും ഉറങ്ങുമ്പോഴാണ്. അതുകൊണ്ട് തന്നെ, ഉറക്കം നഷ്ടപ്പെടുന്നവരുടെ പ്രതിരോധശേഷി ദുർബലമായിരിക്കും. ഇവർക്ക് പലതരത്തിലുള്ള രോ​ഗങ്ങൾ വരാനുള്ള സാധ്യതയുണ്ട്.

ദിവസവും എട്ടുമണിക്കൂർ വരെ ഉറങ്ങണമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ നിർദേശിക്കാറ്. എന്നാൽ ഏതെങ്കിലും എട്ട് മണിക്കൂർ ഉറങ്ങിയാൽ പോര. ഉറക്കത്തിന്‌ ഒരു ക്രമമുണ്ടാക്കുന്നത്‌ ഉറക്കത്തിന്റെ ​ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും. സ്ഥിരമായി ഓരേ സമയത്ത് ഉറങ്ങുകയും ഉണരകയും ചെയ്യുന്നത് നമ്മുടെ ആന്തരിക ക്ലോക്കായ സിര്‍ക്കാഡിയന്‍ റിഥത്തെ ബലപ്പെടുത്താൻ സഹായിക്കും.

ഉറങ്ങുന്നതിന് മുൻപ് തന്നെ ഉറക്കത്തിനായുള്ള തയ്യാറെടുപ്പുകൾ നടത്തണം. ഉറങ്ങാൻ കിടക്കുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുൻപ് അത്താഴം കഴിക്കാൻ ശ്രദ്ധിക്കണം. ഇനി വിശക്കുന്നെങ്കില്‍ ചെറു ചൂടുള്ള പാലില്‍ ഒരു നുള്ള്‌ മഞ്ഞളിട്ട്‌ കുടിക്കാം. പഴം, ബദാം പോലുള്ളവയും ലഘുവായ ഭക്ഷണമെന്ന നിലയില്‍ കഴിക്കാം. ഉറങ്ങുന്നതിന് തൊട്ടുമുൻപ് വ്യായാമം ചെയ്യുന്നതും ഒഴിവാക്കണം. മാത്രമല്ല, അത്താഴം കഴിഞ്ഞ ഉടൻ ഉറങ്ങുന്ന ശീലവും ഒഴിവാക്കാം.

ഉറങ്ങുന്നതിന് അരമണിക്കൂർ മുൻപ് ചെറുചൂടുവെള്ളത്തിൽ കുളിക്കുന്നത് ശരീരം കൂടുതൽ റിലാക്സ് ആകാനും നല്ല ഉറക്കം നൽകാനും സഹായിക്കും. മൊബൈൽ പോലുള്ള ഉപകരണങ്ങളുടെ ഉപയോ​ഗവും ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് നിർത്തണം. സുഖകരമായ താപനില മുറിക്കുള്ളില്‍ ക്രമീകരിക്കുന്നത് ഉറക്കത്തെ പ്രോത്സാഹിപ്പിക്കും. മാത്രമല്ല, ഉറങ്ങുന്നതിന് മുൻപ് ലൈറ്റുകൾ ഡിം ആക്കുന്നതും നല്ലതാണ്.

മദ്യം ഉറക്കത്തെ തടസ്സപ്പെടുത്തുകയും ആഴത്തിലുള്ള ഉറക്കം അസാധ്യമാക്കുകയും ചെയ്യുന്നു. അതേ പോലെ കാപ്പിയിലെ കഫൈനും ഉറക്കത്തെ നിയന്ത്രിക്കും. ഇതിനാല്‍ ഇവ രണ്ടും കുറയ്‌ക്കുന്നത്‌ ഉറക്കത്തെ സഹായിക്കും. ഫ്‌ളൂ വാക്‌സീന്‍ ഒക്കെ എടുക്കുന്നതിന്‌ മുന്‍പത്തെ ദിവസങ്ങളില്‍ നന്നായി ഉറങ്ങുന്നത്‌ വാക്‌സീനുകളുടെ പ്രതിരോധ പ്രതികരണം ഉയര്‍ത്തും.

Be the first to comment

Leave a Reply

Your email address will not be published.


*