ഫ്രീസറിൽ വെച്ച ചിക്കനും ബീഫുമൊക്കെ പാകം ചെയ്യാൻ പുറത്തെടുത്തു വയ്ക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഐസ് കട്ടപിടിച്ച അവസ്ഥയിലാകും ഇറച്ചി ഉണ്ടാവുക. ഇത് ശരിയായി രീതിയിൽ നീക്കം ചെയ്തില്ലെങ്കിൽ ആരോഗ്യത്തിന് പണികിട്ടാമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ഫ്രീസറിൽ വെച്ചു കഴിഞ്ഞാൽ കുറച്ചു ദിവസത്തേക്ക് ഇവ കേടുകൂടാതെ സൂക്ഷിക്കാം. എന്നാൽ ഇത് പുറത്തെടുത്ത് വെയ്ക്കുന്ന സമയത്ത് സൂക്ഷിക്കണം. ഇങ്ങനെ പുറത്തെടുത്ത് വെച്ച് മാംസത്തിൽ നിന്ന് ഐസ് കളയുമ്പോൾ മാരകമായ പല ബാക്ടീരിയകളും വളരാനും നിരവധി ആരോഗ്യം പ്രശ്നങ്ങൾ ഉണ്ടാക്കാമെന്നും ലോകാരോഗ്യ സംഘടനയും യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനും പറയുന്നു.
ഇറച്ചി സാധാരണ താപനിലയിൽ ഐസ് കളയാനായി വയ്ക്കുമ്പോൾ അതിന്റെ പുറംഭാഗത്തിന് നിന്ന് ഐസ് നീങ്ങി ആ ഭാഗം ചൂടാകാനും ഉള്ള് തണുത്തിരിക്കുകയും ചെയ്യുന്നു. ഏകദേശം 4.4 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് താപനില എത്തിക്കഴിഞ്ഞാല്‍, ആ ഭക്ഷണം പിന്നെ രണ്ട് മണിക്കൂറിൽ കൂടുതൽ വയ്ക്കുകയാണെങ്കിൽ, ബാക്ടീരിയകൾ വളരെ വേഗത്തിൽ വളരാൻ സാധ്യതയുണ്ട്.
ഇത് വിഷാംശം പുറപ്പെടുവിക്കുകയും ശരീരത്തിലെത്തിയാൽ പ്രതിരോധശേഷി കുറയ്ക്കാനും ഭക്ഷ്യവിഷബാധയിലേക്ക് നയിക്കുകയും ചെയ്യുന്നു. അതിനാല്‍, വേവിക്കാത്ത ഇറച്ചി ഉൾപ്പെടെയുള്ള, പെട്ടെന്ന് കേടുവരുന്ന ഭക്ഷണങ്ങൾ രണ്ട് മണിക്കൂറിൽ കൂടുതൽ സാധാരണ താപനിലയില്‍ സൂക്ഷിക്കരുതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ് അഗ്രിക്കൾച്ചർ കർശനമായി നിർദേശിക്കുന്നു.
സാൽമൊണല്ല, ഇ-കോളി, ലിസ്റ്റീരിയ മോണോസൈറ്റോജെൻസ് തുടങ്ങിയ അപകടകാരികളായ ബാക്ടീരിയകൾക്ക് വെറും 20 മിനിറ്റിനുള്ളിൽ ഇരട്ടിയാകാൻ കഴിയും.
ഇറച്ചിയിലെ ഐസ് കളയേണ്ടത് ഇങ്ങനെ
ഫ്രീസറിൽ നിന്ന് ഇറച്ചി എടുത്ത് ഫ്രിഡ്ജിന്റെ താഴെത്തട്ടിൽ ഒരു പാത്രത്തിൽ വയ്ക്കുക. ഇറച്ചിയുടെ വലുപ്പമനുസരിച്ച് കുറച്ച് മണിക്കൂറുകൾ മുതൽ ഒരു ദിവസം വരെ ഇങ്ങനെ ഐസ് കളയാൻ സമയമെടുത്തേക്കാം. ഈ രീതിയിൽ ഐസ് കളയുമ്പോൾ ഇറച്ചി എപ്പോഴും സുരക്ഷിതമായ താപനിലയിൽ (4.4°C-ന് താഴെ) ആയിരിക്കും. ഇത് സുരക്ഷിതമാണ്.
ഇറച്ചി ഒരു ബാഗിലാക്കി, തണുത്ത വെള്ളത്തിൽ താഴ്ത്തി വെക്കുക. ഓരോ 30 മിനിറ്റിലും വെള്ളം മാറ്റിക്കൊണ്ടിരിക്കണം. ചെറിയ കഷണം ഇറച്ചിയാണെങ്കിൽ ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ ഐസ് പോയിക്കിട്ടും. മിക്ക മൈക്രോവേവ് ഓവനുകളിലും ഡിഫ്രോസ്റ്റ് എന്നൊരു സംവിധാനം ഉണ്ടാകും. ഇത് ഉപയോഗിച്ചും വേഗത്തിൽ ഐസ് കളയാം.



Be the first to comment