തേങ്ങ പൂപ്പൽ പിടിക്കാറുണ്ടോ? മാസങ്ങളോളം ഫ്രഷ് ആയി സൂക്ഷിക്കാൻ ചില പൊടിക്കൈകൾ

നമ്മുടെ നാടൻ കറികളുടെ പ്രധാന ചേരുവയാണ് തേങ്ങ. എന്നാൽ നാട്ടിൽ നിന്ന് മാറിനിൽക്കുന്ന മലയാളികൾക്ക് തേങ്ങ ചേർത്തുന്ന കറികൾ വീട്ടിലുണ്ടാക്കുക ശ്രമകരമാണ്. തേങ്ങ ഫ്രഷ് ആയി സൂക്ഷിക്കുകയാണ് പ്രധാന വെല്ലുവിളി. തേങ്ങ പൊട്ടിക്കലും ചിരകലും സൂക്ഷിക്കലുമൊക്കെ പ്രയാസമായി തോന്നാം. എന്നാല്‍ തേങ്ങ കേടുകൂടാതെ ദിവസങ്ങളോളം സൂക്ഷിക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്.

തേങ്ങ വെള്ളം

അധികം പുളിക്കാത്ത തേങ്ങ വെള്ളം ഫ്രഷായി എടുത്ത ശേഷം വായു കടക്കാത്ത ഒരു ഗ്ലാസ് കുപ്പിയില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. 24 മുതൽ 48 മണിക്കൂർ വരെ ഇത് ഫ്രഷ് ആയി ഇരിക്കും. ദീർഘകാലത്തേക്കാണെങ്കിൽ ഐസ് ട്രേകളിൽ ഫ്രീസ് ചെയ്ത് രണ്ട് മാസം വരെ സൂക്ഷിക്കാം. ഇത് ജ്യൂസിലോ സ്മൂത്തികളിലോ ഉപയോഗിക്കാവുന്നതാണ്.

കൊപ്ര

ചിരട്ടയില്‍ നിന്ന് ഇളക്കിയെടുക്കുന്ന അധികം ഉണങ്ങാത്ത തേങ്ങ, വായു കടക്കാത്ത പാത്രത്തിലോ റീസീലബിൾ ബാഗിലോ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. അഞ്ച് മുതൽ ഏഴ് ദിവസം വരെ പുതുമയോടെ സൂക്ഷിക്കാൻ ഇതിലൂടെയാകും. കഷണങ്ങളാക്കിയും ഫ്രീസർ ബാഗുകളിൽ സൂക്ഷിക്കാം. 5- 6 മാസം വരെ ഇവ നിലനിൽക്കും.

ചിരകിയ തേങ്ങ

ചിരകിയ തേങ്ങ വായു കടക്കാത്ത പാത്രത്തിൽ ഫ്രിഡ്ജിൽ നാല്-അഞ്ച് ദിവസം വരെ സൂക്ഷിക്കാവുന്നതാണ്.

തേങ്ങാ പാൽ

വീട്ടിൽ തയ്യാറാക്കിയ തേങ്ങാ പാൽ വായു കടക്കാത്ത പാത്രത്തിൽ ഫ്രിഡ്ജിൽ 3-4 ദിവസം വരെ സൂക്ഷിക്കാം. ഉപയോഗിക്കുന്നതിന് മുമ്പ് നന്നായി ഇളക്കാൻ ശ്രദ്ധിക്കാം. ദീർഘനാളത്തെ ഉപയോഗത്തിന് ഫ്രീസ് ചെയ്ത് ഉപയോഗിക്കാം. ഐസ് ട്രേകളിൽ ഒഴിച്ച് ഫ്രീസ് ചെയ്ത് ശേഷം ഇവ ഫ്രീസർ ബാഗിലേക്ക് മാറ്റി 2-3 മാസം വരെ സൂക്ഷിക്കാം. തണുപ്പ് മാറ്റിയ ശേഷം ഇളക്കി ഉപയോഗിക്കാം.

Be the first to comment

Leave a Reply

Your email address will not be published.


*