അടുക്കളയിലെ കറികൾക്ക് മണവും ഗുണവും കൂട്ടാനുള്ള പ്രധാനപ്പെട്ട രണ്ട് ചേരുവകാണ് കറിവേപ്പിലയും മല്ലിയിലയും. ഇവ രണ്ടും വീടുകളിൽ വളർത്താൻ കഴിയാത്തവർ മിക്കവാറും കടകളിൽ നിന്ന് വാങ്ങാറാണ് പതിവ്. രണ്ട് ദിവസം കഴിയുമ്പോഴേക്കും ഇവ മോശമായി തുടങ്ങും. കറിവേപ്പിലയും മല്ലിയിലയും കേടാകാതെ മാസങ്ങളോളം സൂക്ഷിക്കാൻ ചില പൊടിക്കൈകളുണ്ട്.
മല്ലിയിലയും കറിവേപ്പിലയും പെട്ടെന്ന് മോശമാകാനുള്ള രണ്ട് പ്രധാന കാരണങ്ങൾ
- ഈർപ്പം; ഇലക്കറികളിൽ ഈർപ്പം തങ്ങി നിൽക്കുന്നത് മറ്റ് കീടങ്ങൾ കയറിക്കൂടാനും അവ പെട്ടെന്ന് നശിക്കാനും കാരണമാകും.
- ജലാംശം നഷ്ടപ്പെടുന്നത്; ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ ഇവയിൽ അടങ്ങിയ ജലാംശം നഷ്ടപ്പെടുകയും, ഇലകൾ പെട്ടെന്ന് വാടി പോകാനും ഇടയാക്കും.
കറിവേപ്പില, മല്ലിയില സൂക്ഷിക്കേണ്ടതെങ്ങനെ
വെള്ളം നിറച്ച ജാറിൽ
കറിവേപ്പിലയുടെ ചെറിയ തണ്ടുകൾ മുറിച്ചെടുത്ത് വലുപ്പമുള്ള കുപ്പി ജാറിൽ വെള്ളം നിറച്ച് അതിൽ ഇട്ട് വയ്ക്കാം. ഒരാഴ്ചയിൽ കൂടുതൽ കറിവേപ്പില കേടുകൂടാതെ സൂക്ഷിക്കാൻ ഇത് സഹായിക്കും. മല്ലിയിലയും ഇതേ രീതിയിൽ സൂക്ഷിക്കാവുന്നതാണ്. ഓരോ രണ്ട് ദിവസം കഴിയുമ്പോഴും വെള്ളം മാറ്റിക്കൊടുക്കാൻ ശ്രദ്ധിക്കണം. മാത്രമല്ല, സ്റ്റൗ അല്ലെങ്കിൽ അടുപ്പ് പോലെ ചൂടുകിട്ടുന്ന പ്രദേശത്ത് നിന്ന് ഇത് മാറ്റി വയ്ക്കാനും ശ്രദ്ധിക്കണം.
കോട്ടൺ തുണി
തണ്ടോടു കൂടി കറിവേപ്പില പൊട്ടിച്ചെടുക്കണം. ഒരു ബേയ്‌സിനിൽ കുറച്ച് വെള്ളമെടുത്ത് അതിൽ ഒരു അടപ്പ് വിനിഗർ ഒഴിക്കുക. ഇതിലേക്ക് കറിവേപ്പിലകൾ മുക്കി വയ്ക്കാം. ശേഷം ഈ ഇലകൾ കഴുകിയെടുത്ത് വെള്ളം ഉണക്കാനായി ഒരു പേപ്പറിൽ നിവർത്തിയിടണം. വെള്ളം നന്നായി തോരുമ്പോൾ ഇലകൾ ഒരു കോട്ടൺ തുണിയിൽ നന്നായി പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ആറ് മാസം വരെ കേട് കൂടാതെയിരിക്കും.
മല്ലിയില ഈ രീതിയിൽ സൂക്ഷിക്കുമ്പോൾ ജലാംശം കിട്ടാൻ ഏതാനും തുള്ളി വെള്ളം തളിച്ചു കൊടുക്കുക. ജലാംശം അധികമാകരുത്, അധികമായാൽ മല്ലിയില പെട്ടെന്ന് മോശമാകാൻ കാരണമാകും. ശേഷം, സിപ് ലോക്ക് ബാഗിലോ കണ്ടെയ്നറിലോ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഓരോ നാല്-അഞ്ച് ദിവസം കൂടുമ്പോഴും പേപ്പർ ടവൽ മാറ്റി പുതിയത് വെക്കുന്നത് കൂടുതൽ കാലം സൂക്ഷിക്കാൻ സഹായിക്കും.
പ്ലാസ്റ്റിക് പാത്രങ്ങള്‍
വെള്ളത്തിൽ വിനാഗിരി ചേർത്ത് കഴുകിയെടുത്ത ഇലകൾ ഉണങ്ങിയ ശേഷം പ്ലാസ്റ്റിക് പാത്രത്തിലോ ഗ്ലാസ് ജാറിലോ സൂക്ഷിക്കുന്നതും നല്ലതാണ്. ഒരു പ്ലാസ്റ്റിക് പാത്രത്തിൽ ടിഷ്യൂ പേപ്പർ വിരിച്ച ശേഷം അതിന് മുകളിലേക്ക് കറിവേപ്പില വയ്ക്കാം. മറ്റൊരു ടിഷ്യൂ പേപ്പർ ഉപയോഗിച്ച് ഇത് മൂടുകയും വേണം. അധികം കുത്തി നിറയ്ക്കരുത്. നന്നായി മൂടിവയ്ക്കാനും ശ്രദ്ധിക്കണം. ഫ്രിഡ്ജിൽ രണ്ട് മാസം വരെ ഇങ്ങനെ സൂക്ഷിക്കാനാകും.
സിപ്പ് ലോക്ക് കവറിൽ
വിനാഗിരി ചേര്‍ത്ത വെള്ളത്തിൽ കഴുകിയെടുത്ത ഇലകൾ ഉണക്കിയ ശേഷം സിപ്പ് ലോക്ക് കവറിൽ സൂക്ഷിക്കാവുന്നതാണ്. ഇത് ഒരു വർഷം വരെ കറിവേപ്പിലയും മല്ലിയിലയും കേട് വരാതെ ഇരിക്കാൻ സഹായിക്കും. ഇലകൾ സിപ്പ് ലോക്ക് കവറിൽ ഇട്ട് എയർ മുഴുവൻ കളഞ്ഞ് വൃത്തിയായി അടച്ചുവയ്ക്കണം. ഇത് ഫ്രീസറിൽ വേണം സൂക്ഷിക്കാൻ. ഒരോ തവണ എടുക്കുമ്പോളും അധികം നേരം പുറത്ത് വയ്ക്കാതെ വേണ്ടത് എടുത്തശേഷം ഉടൻ തിരികെവയ്ക്കണം.
ഐസ് ക്യൂബ് ട്രേ രീതി
ഇലക്കറികൾ വളരെ ചെറുതായി അരിയുക. അല്പം വെള്ളമോ ഒലിവ് ഓയിലോ ചേർത്ത് മിക്സിയിൽ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അധികം വെള്ളം ചേർക്കരുത്. ഈ പേസ്റ്റ് ഐസ് ക്യൂബ് ട്രേകളിൽ ഓരോ സ്പൂൺ വീതം നിറയ്ക്കുക. ട്രേ ഫ്രീസറിൽ വെച്ച് കട്ടയാക്കുക. ശേഷം, ഓരോ ക്യൂബും എടുത്ത് ഒരു വലിയ സിപ് ലോക്ക് ഫ്രീസർ ബാഗിലേക്ക് മാറ്റി ഫ്രീസറിൽ സൂക്ഷിക്കുക. ഇത് നേരിട്ട് കറികളിലോ സൂപ്പുകളിലോ ചേര്‍ക്കാം. മല്ലിയില, പുതിനയില, കറിവേപ്പില, ചീര എന്നിവ ഈ രീതിയിൽ സൂക്ഷിക്കാൻ വളരെ നല്ലതാണ്.



Be the first to comment