മിക്ക ദിവസങ്ങളിലും മീൻ വിഭവങ്ങൾ കഴിക്കുന്നവരാണ് മലയാളികൾ. കറിയായും വറുത്തും പീരവെച്ചുമൊക്കെ മീൻ ദിവസത്തിൽ കുറഞ്ഞത് രണ്ട് നേരമെങ്കിലും നമ്മൾ കഴിക്കാറുണ്ട്. എന്നാൽ ഫ്രഷ് മീൻ എല്ലാ ദിവസവും കിട്ടാത്ത സാഹചര്യത്തിൽ മിക്കവാറും ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടതായി വരും. മീൻ ശരിയായ രീതിൽ സൂക്ഷിച്ചില്ലെങ്കിൽ അത് അവയുടെ ഗുണനിലവാരത്തെയും സുരക്ഷയെയും ബാധിക്കാം.
മീൻ ഫ്രിഡ്ജിലോ ഫ്രീസറിലോ എങ്ങനെ, എത്ര കാലം വരെ സൂക്ഷിക്കാം…
യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) പ്രകാരം, ഫ്രഷ് മീൻ ഒന്നോ രണ്ടോ ദിവസം വരെ വായു കടക്കാത്ത പാത്രത്തിൽ ഫ്രിഡ്ജിൽ സൂക്ഷിക്കാം. ബാക്ടീരിയയുടെ വളർച്ച മന്ദഗതിയിലാക്കാൻ റഫ്രിജറേറ്ററിന്റെ താപനില 4°C ൽ താഴെയായി സൂക്ഷിക്കുക. ഇങ്ങനെ വയ്ക്കുന്നതിനു മുന്‍പ് മീൻ പഴകിയതല്ലെന്ന് ഉറപ്പാക്കണം.
മീൻ ഫ്രീസറിൽ സൂക്ഷിക്കുമ്പോൾ
മീൻ കൂടുതല്‍ കാലം സൂക്ഷിക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ് ഫ്രീസ് ചെയ്യല്‍. എഫ് ഡി എ യുടെ നിര്ദ്ദേശമപ്രകാരം ചാള, തിലാപ്പിയ തുടങ്ങിയവ ആറ് മുതൽ എട്ട് മാസം വരെ ഫ്രീസറില്‍ സൂക്ഷിക്കാവുന്നതാണ്. സാൽമൺ, അയല, ട്രൗട്ട് തുടങ്ങിയ കൊഴുപ്പുള്ള മീൻ രണ്ട് മുതൽ മൂന്ന് മാസം വരെ സൂക്ഷിക്കാം. ഫ്രീസര്‍ താപനില -18°C ല്‍ താഴെയാണെന്ന് ഉറപ്പാക്കുക.
മീൻ വാങ്ങിയ പിന്നാലെ എത്രയും പെട്ടെന്ന് തന്നെ ഫ്രീസറിനുള്ളില്‍ വയ്ക്കണം. നാഷണൽ സെൻ്റർ ഫോർ ഹോം ഫുഡ് പ്രിസർവേഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശ അനുസരിച്ച്, ഇവ പ്ലാസ്റ്റിക് റാപ്പിലോ അലുമിനിയം ഫോയിലിലോ പൊതിയുകയോ അല്ലെങ്കില്‍ വായു കടക്കാത്ത വാക്വം സീൽ ചെയ്ത ബാഗുകൾ ഉപയോഗിക്കുകയോ ചെയ്യാം.
ഇത് മീനിന്റെ ഘടനയും രുചിയും സംരക്ഷിക്കാനും സഹായിക്കുന്നു. അതേപോലെ ഈ പാക്കിന് മുകളില്‍ തീയതി എഴുതുക, അതുവഴി മത്സ്യം എത്രകാലമായി സൂക്ഷിച്ചിരിക്കുന്നുവെന്ന് ട്രാക്ക് ചെയ്യാം.



Be the first to comment