വെളിച്ചെണ്ണ മാത്രം മതി ശൈത്യകാല പ്രശ്‌നങ്ങൾക്ക് തടയിടാൻ

വെളിച്ചെണ്ണയില്ലാത്ത മലയാളി അടുക്കളകൾ ഉണ്ടാകില്ല. ഭക്ഷണങ്ങളുടെ രുചി വർധിപ്പിക്കുമെന്ന് മാത്രമല്ല ആരോഗ്യ ഗുണങ്ങളാലും സമ്പന്നമാണ് വെളിച്ചെണ്ണ. ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഗുണം ചെയ്യുന്ന പ്രകൃതിദത്ത ചേരുവ കൂടിയാണിത്. പ്രത്യേകിച്ച് ശൈത്യകാലത്ത്. തണുപ്പ് കാലത്ത് പലതരത്തിലുള്ള പ്രശ്‌നങ്ങൾ നമ്മൾ അഭിമുഖീകരിക്കാറുണ്ട്. ചർമത്തിലെ വരൾച്ച മുതൽ ദഹന സംബന്ധമായ അസ്വസ്ഥതകൾ വരെ ഇതിൽ ഉൾപ്പെടുന്നു. ഇത്തരം പ്രശ്‌നങ്ങൾക്കൊക്കെയുള്ള ഫലപ്രദമായ ഒരു പരിഹാരമാർഗമാണിത്. ശൈത്യകാലത്ത് വെളിച്ചെണ്ണ ഏതൊക്കെ രീതിയിൽ ശരീരത്തെ സംരക്ഷിക്കുമെന്ന് അറിയാം.

ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു

വെളിച്ചെണ്ണയ്ക്ക് ഈർപ്പം നിലനിർത്താനുള്ള കഴിവുണ്ട്. തണുപ്പ് കാലത്ത് ചർമത്തിലുണ്ടാകുന്ന വരൾച്ച, ചൊറിച്ചിൽ തുടങ്ങിയവ തടയാൻ ഇത് വളരെയധികം ഫലപ്രദമാണ്. ലോറിക് ആസിഡ് പോലുള്ള മീഡിയം ചെയിൻ ഫാറ്റി ആസിഡുകൾ വെളിച്ചെണ്ണയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. മികച്ച മോയ്‌സ്‌ചറൈസറായതിനാൽ തന്നെ വെളിച്ചെണ്ണ ദിവസേന ഉപയോഗിക്കുന്നത് ചർമത്തെ മൃദുവാക്കാനും ഇലാസ്‌തികത നിലനിർത്താനും സഹായിക്കും.

വീക്കം കുറയ്ക്കും

വെളിച്ചെണ്ണയിൽ ആന്‍റി മൈക്രോബയൽ, ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. തണുത്ത കാലാവസ്ഥ മൂലം ഉണ്ടാകുന്ന മുറിവുകൾ, പോറലുകൾ, പ്രകോപനം തുടങ്ങിയവ സുഖപ്പെടുത്താൻ ഇത് വളരെയധികം ഗുണകരമാണ്. ചർമത്തിലെ വീക്കം, ചുവപ്പ് എന്നിവ കുറയ്ക്കാനും വെളിച്ചെണ്ണ സഹായിക്കും. ദിവസേന ചർമത്തിൽ വെളിച്ചെണ്ണ പുരട്ടുന്നത് ചർമത്തിന്‍റെ പിനരുജ്ജീവനത്തെ പ്രോത്സാഹിപ്പിക്കുകയും പാരിസ്ഥിതിക ഘടകങ്ങൾ മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യുന്നു. വിണ്ടു കീറിയ ചുണ്ടുകൾ, പരുക്കൻ കൈമുട്ടുകൾ, വരണ്ട കാലുകൾ എന്നിവ പരിഹരിക്കാനും മികച്ചതാണ് വെളിച്ചെണ്ണ.

പ്രതിരോധശേഷി വർധിപ്പിക്കുന്നു

ലോറിക് ആസിഡിന്‍റെ നല്ലൊരു ഉറവിടമാണ് വെളിച്ചെണ്ണ. ഇത് ശരീരത്തിൽ എത്തുമ്പോൾ ആന്‍റി മൈക്രോബയൽ, ആന്‍റി വൈറൽ ഗുണങ്ങളുള്ള മോണോലോറിൻ എന്ന സംയുക്തമായി മാറുകയും രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ശൈത്യകാലത്ത് ഉണ്ടാകുന്ന അണുബാധയെ പ്രതിരോധിക്കാൻ ഇത് സഹായിക്കും. മികച്ച ഗുണങ്ങൾക്ക് വെളിച്ചെണ്ണ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയോ രാവിലെ സ്‌മൂത്തിയിലോ ചെറു ചൂടുവെള്ളത്തിലോ ചേർത്ത് കുടിക്കുയോ ചെയ്യാം.

ദഹനത്തിനും കുടലിന്‍റെ ആരോഗ്യത്തിനും

വെളിച്ചെണ്ണ ദഹനാരോഗ്യത്തെയും പിന്തുണയ്ക്കും. ദഹനം, പോഷകങ്ങളുടെ ആഗിരണം എന്നിവ മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. ശൈത്യകാലത്ത് ഉണ്ടാകുന്ന ദഹന പ്രശ്‌നങ്ങൾ തടയാനും വെളിച്ചെണ്ണ ഗുണകരമാണ്. ഇതിലെ ആന്‍റി മൈക്രോബയൽ ഗുണങ്ങൾ കുടലിലെ മോശം ബാക്ടീരിയകളെ ചെറുക്കുകയും ആരോഗ്യകരമായ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയെ പിന്തുണയ്ക്കുകയും ചെയ്യും. മാത്രമല്ല വെളിച്ചെണ്ണയിലെ ആന്‍റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ ദഹനനാളത്തെ ശമിപ്പിക്കാനും സഹായിക്കും.

മുടിയുടെയും തലയോട്ടിയുടെയും ആരോഗ്യത്തിന്

തണുപ്പ് കാലം ചർമത്തെ മാത്രമല്ല മുടിയുടെ ആരോഗ്യത്തെയും ബാധിക്കും. മുടി വരണ്ടതാകാനും പൊട്ടിപോകാനുമുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം പ്രശ്‌നങ്ങളിൽ നിന്ന് സംരക്ഷണം നൽകാൻ വെളിച്ചെണ്ണ വളരെയധികം സഹായിക്കും. പ്രകൃതിദത്ത കണ്ടീഷണറായി പ്രവർത്തിക്കുന്നതിനാൽ തലയോട്ടിയെ പോഷിപ്പിക്കാനും വരൾച്ച തടയാനും വെളിച്ചെണ്ണ ബെസ്റ്റാണ്. മാത്രമല്ല പതിവായി ഇത് ഉപയോഗിച്ച് തലയോട്ടി മസാജ് ചെയ്യുന്നത് താരൻ കുറയ്ക്കുകയും മുടിയുടെ വളർച്ച പ്രോത്സാഹിപ്പിക്കുകയും തിളക്കം നിലനിർത്തുകയും ചെയ്യും. രോമകൂപങ്ങൾ ശക്തിപ്പെടുത്താനും മുടിയുടെ അറ്റം പിളരുന്നത് തടയാനും വെളിച്ചെണ്ണ സഹായിക്കും.

ശൈത്യകാലത്ത് വെളിച്ചെണ്ണ ഫലപ്രദമായി ഉപയോഗിക്കാനുള്ള വഴികൾ ഇതാ

ചർമ സംരക്ഷണത്തിന് കുളി കഴിഞ്ഞതിന് ശേഷം ചർമത്തിൽ നേരിട്ട് പുരട്ടുകയോ പതിവ് മോയ്‌സ്‌ചറൈസറുമായി സംയോജിപ്പിച്ച് പുരട്ടുകയോ ചെയ്യാം. അല്ലെങ്കിൽ കുളിക്കുന്നതിന് മുമ്പ് പഞ്ചസാരയോ ഉപ്പോ ചേർത്ത് ഒരു സ്‌ക്രബ് ഉണ്ടാക്കി ശരീരത്തിൽ പുരട്ടി മൃദുവായ മസാജ് ചെയ്യുക. ശേഷം കഴുകി കളയാം.

മുടിയുടെ ആരോഗ്യം നിലനിർത്താൻ തലയോട്ടിയിൽ വെളിച്ചെണ്ണ പുരട്ടി നന്നായി മസാജ് ചെയ്‌ത് 30 മിനിറ്റ് വിശ്രമിക്കാം. ശേഷം കഴുകി കളയാം. മൊത്തത്തിലുള്ള ആരോഗ്യത്തിന് വെളിച്ചെണ്ണ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് നല്ലത്. ചൂടുള്ള പാനീയങ്ങൾ, സ്‌മൂത്തികൾ എന്നിവയിൽ ഒരു ടീസ്‌പൂൺ വീതം ചേർത്തും കഴിക്കാം.

Be the first to comment

Leave a Reply

Your email address will not be published.


*