കോട്ടയം കുമരനല്ലൂരിൽ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ് ; ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു മർദ്ദനം

കോട്ടയം കുമരനല്ലൂരിൽ ഭാര്യയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചു. രമ്യ മോഹനൻ എന്ന യുവതിക്കാണ് മർദ്ദനമേറ്റത്. ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. നാലുവർഷമായി മർദ്ദിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി യുവതി പോലീസിൽ പരാതി നൽകി. ഭർത്താവ് ജയൻ ഒളിവിലെന്ന് പോലീസ് അറിയിച്ചു.

വീട്ടിലെത്തിക്കഴിഞ്ഞാൽ ക്രൂരമായി മർദിക്കുന്ന സ്വഭാവമാണ് ജയനുള്ളതെന്ന് ഭാര്യ പറയുന്നു. നേരത്തെ വിദേശത്തായിരുന്നു രണ്ടു പേരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതോടെ സ്വഭാവത്തിൽ മാറ്റം വരുകയും ക്രൂരമായി മർദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് രമ്യ പറയുന്നു. സംഭവത്തിൽ കോട്ടയം വെസ്റ്റ് പോലീസാണ് കേസെടുത്തിരിക്കുന്നത്.

നേരത്തെയും മർദിച്ചപ്പോൾ പരാതി നൽകിയിരുന്നു. എന്നാൽ മാപ്പ് പറഞ്ഞ് വീണ്ടും സ്‌നേഹം കാണിച്ച് അടുക്കുകയായിരുന്നു. പിന്നാലെ വീണ്ടും മർദിക്കുന്ന അവസ്ഥായാണ് ഉണ്ടായിരുന്നതെന്ന് രമ്യ പറഞ്ഞു. ഒന്നുകിൽ ആത്മഹത്യ ചെയ്യണം അല്ലെങ്കിൽ തന്റെ ജീവിതത്തിൽ നിന്ന് പോകണമെന്നാണ് ജയൻ‌ ആവശ്യപ്പെടുന്നതെന്ന് രമ്യ പറഞ്ഞു. ഇവർക്ക് മൂന്ന് മക്കളാണ് ഉള്ളത്. ഇവരെയും ജയൻ മർദിക്കുമായിരുന്നു. മർദനം സഹിക്കാൻ കഴിയാതെ വന്നതോടെയാണ് രമ്യ സ്വന്തം വീട്ടിലേക്ക് വന്നത്. കേസുമായി മുന്നോട്ടുപോകാൻ തന്നെയാണ് രമ്യയുടെ തീരുമാനം.

Be the first to comment

Leave a Reply

Your email address will not be published.


*