പാര്‍ട്ടിയെ വെല്ലുവിളിക്കാനില്ല, ഞാന്‍ എത്രയോ ചെറുതാണ്, പാര്‍ട്ടിക്ക് വിധേയനായി തന്നെ നില്‍ക്കും: കെ സുധാകരന്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റിനായുള്ള തന്റെ കടുത്ത സമ്മര്‍ദങ്ങള്‍ക്ക് ഹൈക്കമാന്‍ഡ് വഴങ്ങില്ലെന്ന് ഏതാണ്ട് ഉറപ്പായ പശ്ചാത്തലത്തില്‍ താന്‍ പാര്‍ട്ടിക്ക് വഴങ്ങുകയാണെന്ന തീരുമാനത്തിലേക്ക് കെ സുധാകരന്‍. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും ഇല്ലെങ്കില്‍ ഇല്ല എന്നാണ് ചര്‍ച്ചകള്‍ക്ക് ശേഷം കേരളത്തിലേക്ക് പുറപ്പെടാന്‍ വിമാനത്താവളത്തിലേക്ക് ഇറങ്ങും വഴി സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. പാര്‍ട്ടിയെ വെല്ലുവിളിക്കാനില്ലെന്ന് സുധാകരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

സീറ്റില്ലെങ്കില്‍ പാര്‍ട്ടി വിടുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഈ പാര്‍ട്ടി വിട്ട് എവിടെപ്പോകാനാണ് എന്നായിരുന്നു അദ്ദേഹത്തിന് മറുചോദ്യം. താന്‍ പാര്‍ട്ടിക്ക് വിധേയനാണെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി എത്രയോ വലുതാണെന്നും താന്‍ അതിനെ അപേക്ഷിച്ച് എത്രയോ ചെറുതാണെന്നും സുധാകരന്‍ പറഞ്ഞു. സ്വതന്ത്രനായി മത്സരിക്കാന്‍ താന്‍ ഏതായാലുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിമാനയാത്രയ്ക്കുള്ള ചെക്കിങിനായി എത്തേണ്ടതുള്ളതിനാണ് കെ സുധാകരന്‍ മാധ്യമങ്ങളോട് വിശദമായി പ്രതികരിക്കാതിരുന്നത്. വിമാനത്താവളത്തിലേക്ക് കാറില്‍ യാത്ര ചെയ്യുന്നതിനിടെ കാറിന്റെ ഗ്ലാസ് പാതി താഴ്ത്തിക്കൊണ്ടാണ് സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. പാര്‍ട്ടി വിടുമെന്ന കെ സുധാകരന്റെ ഭീഷണിയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് നേതൃത്വം വഴങ്ങിയെന്നായിരുന്നു മുമ്പ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

എം പിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനത്തില്‍, സുധാകരന് മാത്രം ഇളവ് നല്‍കാനാണ് നേതൃത്വത്തിന്റെ നീക്കമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സുധാകരന്‍ മാധ്യമങ്ങളെ കണ്ട് നിലപാട് പ്രഖ്യാപിക്കാനിരിക്കെ ഏ കെ ആന്റണിയും രമേശ് ചെന്നിത്തലയും നടത്തിയ നീക്കമാണ് കോണ്‍ഗ്രസിലെ വലിയ പൊട്ടിത്തെറി ഒഴിവാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് ഹൈക്കമാന്‍ഡിന്റെ ഈ വളരെ പ്രധാനപ്പെട്ട തീരുമാനം വന്നിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*