വേടന്റെ പാട്ട് വേണ്ടെന്ന് വെച്ചത് അറിയില്ല, തീരുമാനിക്കാനുള്ള അധികാരം ബോര്‍ഡ് ഓഫ് സ്റ്റഡീസിന്: മന്ത്രി ആര്‍ ബിന്ദു

കൊച്ചി: റാപ്പര്‍ വേടന്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാലയിലെ സിലബസില്‍ നിന്ന് വേണ്ടെന്ന് വെച്ചത് അറിയില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. എന്ത് പഠിപ്പിക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം ബോര്‍ഡ് ഓഫ് സ്റ്റഡീസിനാണ്. വേടന്റെ പാട്ട് വിശാല വീക്ഷണമുള്ള പാട്ടാണെന്നും മന്ത്രി പറഞ്ഞു. മനുഷ്യന്‍ നേരിടുന്ന പീഡനവും മര്‍ദനവും അരികുവല്‍ക്കരണവും മനോഹരമായി ആവിഷ്‌കരിച്ചെന്നും വേടന്‍ പ്രായത്തില്‍ കവിഞ്ഞ പക്വത പ്രകടിപ്പിക്കുന്ന യുവാവാണെന്നും മന്ത്രി ബിന്ദു പറഞ്ഞു. വി സിക്ക് തനിച്ച് ബോര്‍ഡ് ഓഫ് സ്റ്റഡീസിനെ മറികടക്കാന്‍ ആകില്ലെന്നും മന്ത്രി പറഞ്ഞു.

ഹൈക്കോടതിയില്‍സര്‍വകലാശാലയിലെ ബി എ മൂന്നാം സെമസ്റ്റര്‍ മലയാളം സിലബസില്‍ നിന്നും വേടന്റേയും ഗൗരിലക്ഷ്മിയുടേയും പാട്ടുകള്‍ ഒഴിവാക്കാന്‍ വൈസ് ചാന്‍സലര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശയുണ്ടായിരുന്നു. സര്‍വകലാശാലകളില്‍ സ്വസ്ഥവും ശാന്തവുമായ അന്തരീക്ഷം വേണം. സ്വതന്ത്രമായ ആശയങ്ങള്‍ക്കുള്ള ഇടമാകണം സര്‍വകലാശാലകള്‍. സംസ്ഥാനത്ത് മാത്രമല്ല രാജ്യമെമ്പാടും പ്രത്യേക ആശയധാരയെ പ്രതിഷ്ഠിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ബഹുസ്വരത, വൈജാത്യങ്ങള്‍, സാമൂഹ്യനീതിബോധം എല്ലാം സര്‍വകലാശാലകളില്‍ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

കേരള സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലെത്തിയത് മഞ്ഞുരുക്കത്തിന്റെ സൂചനയാണെന്നും അവര്‍ പറഞ്ഞു. കൂടിക്കാഴ്ചയില്‍ വിശദമായി കാര്യങ്ങള്‍ സംസാരിച്ചെന്നും പ്രശ്നങ്ങള്‍ തീരണമെന്ന അഭിപ്രായമാണ് വി സിക്കുള്ളതെന്നും മന്ത്രി വ്യക്തമാക്കി. തുടര്‍ നടപടികള്‍ക്കായി സിന്‍ഡിക്കേറ്റുമായി സംസാരിക്കുന്നുണ്ടെന്നും ആര്‍ ബിന്ദു പറഞ്ഞു. സിന്‍ഡിക്കേറ്റിന് പറയാനുള്ളതും വി സിക്ക് പറയാനുള്ളതും കേട്ടു. അന്തിമ തീരുമാനം ആയിട്ടില്ല. സിന്‍ഡിക്കേറ്റ് വിളിക്കാമെന്ന് വി സി സമ്മതിച്ചു. വി സിയും സിന്‍ഡിക്കേറ്റും ഒന്നിച്ച് ചര്‍ച്ച ചെയ്യുന്നതാണ് പരിഹാരം. ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്നും മന്ത്രി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*