സിപിഐഎം വിടുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്ന് കെടിഡിസി മുന്‍ ചെയര്‍മാന്‍ പികെ ശശി. യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടില്ല. എംവി ഗോവിന്ദന്റെ നിലപാട് വേദനിപ്പിച്ചു. വിമതരുടെ കണ്‍വെന്‍ഷനിലേക്ക് ക്ഷണം ലഭിച്ചേക്കാമെന്നും പി കെ ശശി ട്വന്റിഫോര്‍ മോണിങ് ഷോയില്‍ പറഞ്ഞു.
കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവച്ചത് സ്വമനസാലെയെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ആരുടെയും പ്രേരണയും സമ്മര്‍ദവുമില്ല. അഞ്ച് വര്‍ഷക്കാലം കെടിഡിസിയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനത്തില്‍ ഞാന്‍ വളരെയധികം സന്തോഷവാനാണെന്ന് എന്റെ രാജിക്കത്തില്‍ വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഡയറക്ടര്‍ ബോര്‍ഡും ബന്ധപ്പെട്ട വകുപ്പും അവിടെയുള്ള ജീവനക്കാരും ഉള്‍പ്പടെ ഒരു ടീമായി നിന്നുകൊണ്ട് നടത്തിയിട്ടുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 15 വര്‍ഷത്തിനിപ്പുറം കെടിഡിസി ലാഭത്തിലായ വര്‍ഷങ്ങളാണ് കഴിഞ്ഞ രണ്ട് വര്‍ഷം. അതിന്റെ ചാരിഥാര്‍ത്ഥ്യത്തോടെയാണ് ഞാന്‍ കെടിഡിസിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത്. വ്യക്തിപരമായ കാരണങ്ങള്‍ മാത്രമാണ് രാജിക്ക് പിന്നിലുള്ളത്. ഇതും മറ്റ് കാര്യങ്ങളുമായി ബന്ധപ്പെടുത്തേണ്ടതില്ല – അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുമായി അകന്നു നില്‍ക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളിലും അദ്ദേഹം പ്രതികരിച്ചു. വിഷയത്തില്‍ മറുപടി പറയേണ്ടത് താനല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിട്ടുള്ളയാള്‍ നയിച്ച ജനകീയ ജാഥയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യത്തിന് അദ്ദേഹം നല്‍കിയിട്ടുള്ള ഉത്തരം ശശിയുമായി ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടല്ലോ, അതുകൊണ്ടാണല്ലോ അദ്ദേഹം ബ്രാഞ്ചിലിരിക്കുന്നത് എന്നതാണ്. ചില പ്രശ്‌നങ്ങളുണ്ട് എന്ന് നമുക്ക് ഉറപ്പല്ലേ – അദ്ദേഹം പറഞ്ഞു.
സിപിഐഎം വിടുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്ന് പി കെ ശശി പറഞ്ഞു. യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ നിമിഷം വരെ ഒരു യുഡിഎഫ് നേതാവുമായും ഞാന്‍ ചര്‍ച്ച നടത്തിയിട്ടില്ല. അതിന്റെ അര്‍ഥം യുഡിഎഫ് നേതാക്കളെ മുഖാമുഖം കണ്ടിട്ടില്ല എന്നതല്ല. ഇപ്പോള്‍ അത്തരമൊരു കാര്യം ഞാന്‍ തീരുമാനിച്ചിട്ടില്ല – അദ്ദേഹം പറഞ്ഞു.
വിമതരുടെ കണ്‍വെന്‍ഷനിലേക്ക് ക്ഷണം ലഭിച്ചേക്കാമെന്നും പി കെ ശശി പറഞ്ഞു. വിമത കണ്‍വെന്‍ഷനുമായി ബന്ധപ്പെട്ട് മാധ്യങ്ങളിലൂടെ ലഭിച്ച വിവരങ്ങള്‍ മാത്രമേയുള്ളു. ഈ നിമിഷം വരെ അവര്‍ ബന്ധപ്പെട്ടിട്ടില്ല. കൊഴിഞ്ഞാമ്പാറയിലെ നേതാവായ സതീശനുമായി ഞാന്‍ സംസാരിച്ചിട്ടില്ല. അതിന്റെ അര്‍ഥം അവര്‍ വണ്‍വെന്‍ഷന്‍ വിളിക്കുന്നുണ്ടെങ്കില്‍ അതിലേക്ക് എന്നെ വിളിക്കില്ല എന്നല്ല. ഒരുപക്ഷേ വിളിച്ചേക്കും. അവര്‍ക്കും താത്പര്യമുണ്ടാകും. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഏറ്റവും വലിയ വിജയം ആണുകളെ ഒരുമിപ്പിച്ച് കൊണ്ടുപോകുന്നതിലാണ്. ഈ പാര്‍ട്ടിയില്‍ അങ്ങനെ യൂണിഫിക്കേഷന്‍ നടന്നിരുന്ന ഒരു സമയമുണ്ട്. തെറ്റുകള്‍ക്കെതിരായി ശക്തമായ നിലപാട് സ്വീകരിക്കുമ്പോള്‍ തന്നെ ആളുകള്‍ വിട്ടുപോകാതിരിക്കാനുള്ള ശ്രമം നടത്തിയ നേതാക്കന്‍മാര്‍ ഈ പാര്‍ട്ടിയിലുണ്ട്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഉദാഹരണം. ആളുകളെ ഭിന്നിപ്പിക്കുന്നതിലല്ല, യോജിപ്പിക്കുന്നതിലാണ് പാര്‍ട്ടിയുടെ വിജയം – അദ്ദേഹം പറഞ്ഞു.
പിണറായി വിജയനുമായുള്ള ബന്ധത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. വ്യക്തിപരമായ ബന്ധത്തില്‍ യാതൊരു പോറലോ പൊട്ടോ ഉണ്ടായിട്ടില്ല. എന്റെ പിതൃതുല്യനായ നേതാവാണ്. വര്‍ഷങ്ങളുടെ ബന്ധമാണ്. പാലക്കാട് ജില്ലയിലെ പാര്‍ട്ടിയൊരു വലിയ പ്രതിസന്ധി നേരിട്ടപ്പോള്‍ അതില്‍ നിന്ന് മോചിപ്പിക്കാനായി സ്വന്തം തടികൊടുത്തവനാണ് ഞാനെന്ന് അദ്ദേഹത്തിനറിയാം. അദ്ദേഹം അത് ഇപ്പോഴും ഓര്‍ക്കുമെന്നാണ് വിശ്വസിക്കുന്നത്. മുഖ്യമന്ത്രിയായതിന് ശേഷവും നല്ല ബന്ധമായിരുന്നു. ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി മറുപടി കൊടുക്കാറുണ്ട് – അദ്ദേഹം പറഞ്ഞു.
എം വി ഗോവിന്ദന്റെ പ്രതികരണവുമായി ബന്ധപ്പെട്ടും പി കെ ശശി സംസാരിച്ചു. അദ്ദേഹത്തിന്റെ മാത്രമല്ല ഈ ജില്ലയിലെ പല ആള്‍ക്കാരുടെയും നിലപാടുകളും അവരുടെ പരസ്യ പ്രസ്താവനകളുമൊക്കെ തന്നെ കഴിഞ്ഞ നാല്‍പതില്‍ പരം വര്‍ഷത്തോളം ഈ പാര്‍ട്ടിക്ക് വേണ്ടി മാത്രം പ്രവര്‍ത്തിച്ച എന്നെ ദുഃഖിതനാക്കുമെന്ന കാര്യത്തില്‍ സംശയമുണ്ടോ. തുടര്‍ച്ചയായി കഴിഞ്ഞ കുറച്ച് കാലമായി വേട്ടയാടപ്പെടുകയാണ്. ഒന്നേ മുക്കാല്‍ കൊല്ലത്തോളമായി ഞാന്‍ ഒരു പ്രതികരണത്തിനും പോയില്ല. പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നിനേയും വെല്ലുവിളിച്ചിട്ടില്ല. നടപടിയെടുത്തപ്പോള്‍ ശശി ഒരു പരിപാടിക്കും പോകാന്‍ പാടില്ല എന്നൊന്നും പറഞ്ഞാല്‍ നടക്കില്ല. അതൊന്നും സംസ്ഥാന നേതൃത്വം പറഞ്ഞിട്ടില്ല – അദ്ദേഹം പറഞ്ഞു.



Be the first to comment