ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷ് കീഴടങ്ങി

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി സുകാന്ത് സുരേഷ് കീഴടങ്ങി. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിയാണ് പ്രതി കീഴടങ്ങിയത്. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ ഹർജി തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങിയത്. അന്വേഷണം പൂർത്തിയാകേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത്.

സ്‌നേഹത്തിന്റെ പേരിൽ യുവതിയെ ചൂഷണം ചെയ്തെന്നും പ്രതി മാനസികവും ശാരീരികവും സാമ്പത്തികവുമായി ചൂഷണം ചെയ്തുവെന്നും ഹൈക്കോടതി പറഞ്ഞു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് വാട്‌സ് ആപ് ചാറ്റുകൾ തെളിവുണ്ടെന്ന് കോടതി പറഞ്ഞു. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ ഒളിവിലായിരുന്നു പ്രതി. കേസ് രജിസ്റ്റർ ചെയ്തിരിക്കുന്ന പൊലീസ് സ്റ്റേഷനിലേക്ക് പ്രതിയെ കൈമാറും.

പേട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബലാത്സംഗ കുറ്റമാണ് സുകാന്ത് സുരേഷിനെതിരെ ചുമത്തിയത്. സുകാന്ത് യുവതിയോട് ആത്മഹത്യ ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും മരിക്കുന്ന തീയതി ചോദിച്ച് നിരന്തരം ശല്യപ്പെടുത്തിയെന്നും തെളിയിക്കുന്ന ചില ചാറ്റിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഫെബ്രുവരി 9ന് ടെലിഗ്രാമിലൂടെ ഇരുവരും നടത്തിയ ചാറ്റിന്റെ വിവരങ്ങളാണ് പൊലീസ് വീണ്ടെടുത്തത്. സുകാന്തിനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം നിലനിൽക്കുമെന്നതിന്റെ തെളിവുകൂടിയാകുകയാണ് നിർണാകമായ ഈ ചാറ്റ് വിവരങ്ങൾ.

Be the first to comment

Leave a Reply

Your email address will not be published.


*