
ഇടുക്കി: വണ്ടിപ്പെരിയാർ മൗണ്ട് എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. മൗണ്ട് എസ്റ്റേറ്റിലെ തൊഴിലാളിയായ അന്തോണിയെയാണ് കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചുതെറിപ്പിച്ചത്. തലയ്ക്കും കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ അന്തോണിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കനത്ത മൂടൽമഞ്ഞ് കാരണം ആനയെ കണ്ടിരുന്നില്ല. കഴിഞ്ഞ ഒരാഴ്ചയിലധികമായി വണ്ടിപ്പെരിയാർ മൗണ്ട്, സത്രം പ്രദേശത്ത് കാട്ടാന സ്ഥിരമായി വരാറുണ്ട്. ദിവസങ്ങളായി കാട്ടാനയുടെ സാന്നിധ്യമുണ്ടായിട്ടും വനം വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. നിരവധി തോട്ടം തൊഴിലാളികൾ ദിവസവും ഇവിടെ ജോലിക്ക് വരുന്നുണ്ട്.
അന്തോണി ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
Be the first to comment