ഉപയോക്താക്കളും ബിസിനസ് അക്കൗണ്ടുകളും തമ്മിലുള്ള ആശയവിനിമയത്തില്‍ മാറ്റം വരുത്തുന്ന സുപ്രധാന നയം മാറ്റത്തിന് വാട്സ്ആപ്പ് തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ബിസിനസ് സന്ദേശങ്ങളില്‍ പ്രതികരിക്കാത്ത ഉപയോക്താക്കള്‍ക്ക് എത്ര സന്ദേശങ്ങള്‍ വരെ അയയ്ക്കാമെന്ന നിബന്ധനക്കായുള്ള പദ്ധതികള്‍ മെറ്റ പ്രഖ്യാപിച്ചു. സ്പാമും ബള്‍ക്ക് മെസേജിങ്ങും കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ബിസിനസ് അക്കൗണ്ടുകളില്‍ നിന്ന് വരുന്ന സന്ദേശങ്ങള്‍ക്ക് ഉപയോക്താവ് റിപ്ലെ നല്‍കിയില്ലെങ്കില്‍ അയക്കുന്ന സന്ദേശങ്ങള്‍ക്ക് പ്രതിമാസം പരിധി നിശ്ചയിക്കുന്നതാണ് നയം. എന്നാല്‍ ഒരാള്‍ക്ക് ഇത്തരത്തില്‍ എത്ര സന്ദേശങ്ങള്‍ വരെ അയക്കാമെന്നത് വെളിപ്പെടുത്തിയിട്ടില്ല. പുതിയ നയം ആവശ്യപ്പെടാത്തതോ ആവര്‍ത്തിച്ചുള്ളതോ ആയ സന്ദേശങ്ങള്‍ പതിവായി അയയ്ക്കുന്ന ഉപയോക്താക്കളെയും ബിസിനസുകളെയും ബാധിക്കും. ഉദാഹരണത്തിന്, ഒരിക്കലും മറുപടി നല്‍കാത്ത ഒരാള്‍ക്ക് ഒരു ഉപയോക്താവ് ഒന്നിലധികം ഫോളോ-അപ്പുകള്‍ അയച്ചാല്‍, ആ സന്ദേശങ്ങളെല്ലാം പരിധിയില്‍ കണക്കാക്കും.
സ്പാം മെസേജുകളും രാഷ്ട്രീയ പ്രചാരണങ്ങള്‍, മാര്‍ക്കറ്റിങ് സ്ഥാപനങ്ങള്‍, സൈബര്‍ തട്ടിപ്പുകള്‍ എന്നിങ്ങനെ അനാവശ്യം സന്ദേശങ്ങള്‍ വര്‍ധിച്ചുവരുന്ന സഹാചര്യത്തിലാണ് വാട്സ്ആപ്പിന്റെ നീക്കം. ഇത്തരം സന്ദേശങ്ങള്‍ തടയാന്‍ മെസേജ് ഫോര്‍വേഡിങ്ങില്‍ പരിധി നിശ്ചയിക്കല്‍, സംശയാസ്പദമായ സന്ദേശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതടക്കമുള്ള ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരുന്നു.



Be the first to comment