
കൊളസ്ട്രോളും കൊഴുപ്പും മാനസിക സമ്മർദവും ഹൃദയാഘാത സാധ്യത വർധിപ്പിക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. ആ പട്ടികയിലേക്ക് ഇപ്പോൾ മൈക്രോപ്ലാസ്റ്റിക്കും ഇടം പിടിച്ചിരിക്കുന്നുവെന്ന് പുതിയ ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നു. നമ്മൾ ഭക്ഷണം കഴിക്കുമ്പോഴോ കുടിക്കുമ്പോഴോ പോലും പ്ലാസ്റ്റിക്കിന്റെ ചെറിയ കണികകൾ, അതായത് മൈക്രോപ്ലാസ്റ്റിക്കുകൾ, നമ്മുടെ ശരീരത്തിനുള്ളിൽ എത്തുന്നുണ്ട്. ഇവ വളരെ പെട്ടെന്ന് രക്തപ്രവാഹത്തിൽ പ്രവേശിക്കുകയും നമ്മുടെ ഹൃദയത്തിൽ വരെ എത്താനുള്ള സാധ്യതയുമുണ്ടെന്ന് ഗവേഷകർ പറയുന്നു.
ഹൃദയം ഒരു സെൻസിറ്റീവ് അവയവമാണ്. രക്തപ്രവാഹത്തിലോ അതിന്റെ കലകളുടെ ആരോഗ്യത്തിലോ ഉണ്ടാകുന്ന ചെറിയ മാറ്റം പോലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ശരീരത്തിൽ വീക്കം ഉണ്ടാക്കുന്നതിലൂടെയും ബിപിഎ, ഫ്താലേറ്റുകൾ പോലുള്ള ദോഷകരമായ രാസവസ്തുക്കൾ വഹിക്കുന്നതിലൂടെയും മൈക്രോപ്ലാസ്റ്റിക് സാഹചര്യം കൂടുതൽ വഷളാക്കും. ഇവ ഹോർമോണുകളെ തടസ്സപ്പെടുത്തുകയും വീക്കം ഉണ്ടാക്കുകയും കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.
2024-ൽ ന്യൂ ഇംഗ്ലണ്ട് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ 200-ലധികം ആളുകളിൽ ഏകദേശം 60 ശതമാനം പേരിലും ധമനികളിൽ മൈക്രോപ്ലാസ്റ്റിക് അല്ലെങ്കിൽ അതിലും ചെറിയ നാനോപ്ലാസ്റ്റിക് ഉള്ളതായി കണ്ടെത്തിയതായി വ്യക്തമാക്കുന്നു. മാത്രമല്ല, ധമനികളിൽ പ്ലാസ്റ്റിക് സാന്നിധ്യമില്ലാത്തവരെ അപേക്ഷിച്ച് സാന്നിധ്യം കണ്ടെത്തിയവരിൽ ഏകദേശം മൂന്ന് വർഷത്തിനുള്ളിൽ ഹൃദയാഘാതം, പക്ഷാഘാതം അല്ലെങ്കിൽ മരണം സംഭവിക്കാനുള്ള സാധ്യത 4.5 മടങ്ങ് കൂടുതലാണെന്നും പഠനത്തിൽ പറയുന്നു.
നമ്മൾ കുടിക്കുന്ന വെള്ളത്തിലും ഉപ്പ്, പഞ്ചസാര, സമുദ്രവിഭവങ്ങൾ, പഴങ്ങൾ, ശ്വസിക്കുന്ന വായുവിൽ പോലും മൈക്രോപ്ലാസ്റ്റിക് ഉണ്ടാകുമെന്ന് ചില പഠനങ്ങൾ തെളിയിക്കുന്നു. ശരീരത്തിലെത്തുന്ന മൈക്രോപ്ലാസ്റ്റിക്കുകൾ വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവ സൃഷ്ടിക്കുകയും ധമനികളിൽ പ്ലാക്കുകളിൽ അടിയാനും പിന്നീട് ഹൃദയാഘാതം അല്ലെങ്കിൽ പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യതയുണ്ടാക്കുമെന്നും ഗവേഷണങ്ങൾ പറയുന്നു.
മൈക്രോപ്ലാസ്റ്റിക് എങ്ങനെ നിയന്ത്രിക്കാം
- പ്ലാസ്റ്റിക് കുപ്പികളിലുള്ള വെള്ളം പരമാവധി ഒഴിവാക്കുക. പ്ലാസ്റ്റിക് കുപ്പികൾ വെയിലത്ത് വയ്ക്കുമ്പോൾ അവയിലെ മൈക്രോപ്ലാസ്റ്റിക്കുകൾ വെള്ളത്തിൽ കലരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വെള്ളം ഫിൽറ്റർ ചെയ്തു കുടിക്കാനും ശ്രമിക്കുക.
- ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാക്കറ്റുകളിൽ അല്ലെങ്കിൽ റാപ്പുകളിൽ വാങ്ങുന്നത് ഒഴിവാക്കുക
- ഡിസ്പോസിബിൾ ഗ്ലാസ്, പാത്രങ്ങൾ എന്നിവയുടെ ഉപയോഗവും പരിമിതപ്പെടുത്തുക.
Be the first to comment