രണ്ടര ലക്ഷം; ഭൂ പതിവിനുള്ള വരുമാന പരിധി വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സൗജന്യമായി ഭൂമി പതിച്ചു നല്‍കുന്നതിനുള്ള വരുമാന പരിധി ഉയര്‍ത്തി. നിലവില്‍ ഒരു ലക്ഷം രൂപയായിരുന്ന പരിധി രണ്ടര ലക്ഷം രൂപയായാണ് വര്‍ധിപ്പിച്ചത്. വരുമാന പരിധി രണ്ടര ലക്ഷം രൂപയായി വര്‍ധിപ്പിക്കാനുള്ള തീരുമാനം പതിനായിരക്കണക്ക് ഗുണഭോക്താക്കള്‍ക്ക് ഗുണം ചെയ്യുന്നതാണെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു.

2013 ലാണ് വരുമാന പരിധി ഒരു ലക്ഷം രൂപയായി നിശ്ചയിച്ചത്. കേരളത്തിലെ ജീവിത നിലവാരം അനുസരിച്ച് ഒരു ലക്ഷം രൂപ വാര്‍ഷിക വരുമാന പരിധി എന്നത് വളരെ കുറവായതിനാല്‍,ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് കമ്പോള വില ഒടുക്കി മാത്രമേ ഭൂമി പതിച്ചു നല്‍കാന്‍ കഴിയുമായിരുന്നുള്ളൂ. ദീര്‍ഘകാലമായുള്ള ജനങ്ങളുടെ ഒരു ആവശ്യമാണ് നിറവേറ്റപ്പെട്ടതെന്നും റവന്യൂമന്ത്രി പത്രക്കുറിപ്പില്‍ അറിയിച്ചു.

ദീര്‍ഘകാലമായി സര്‍ക്കാര്‍ ഭൂമി കൈവശം വച്ചും വീടുവച്ച് താമസിച്ചും വരുന്ന നിര്‍ധന കുടുംബങ്ങള്‍ക്ക് സൗജന്യ ഭൂമി പതിവിന് വരുമാന പരിധി ഒരു തടസമായ സാഹചര്യത്തിലാണ് ചട്ട ഭേദഗതിക്ക് റവന്യൂമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ചരിത്രപരമായ ഈ തീരുമാനം കൂടി നടപ്പിലാകുന്നതോടെ റവന്യൂ വകുപ്പില്‍ ഈ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഒന്‍പതാമത്തെ ഭേദഗതിയാണിത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രണ്ടേകാല്‍ ലക്ഷം പട്ടയങ്ങള്‍ വിതരണം ചെയ്തതായും മന്ത്രി അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*