ആദായ നികുതി റിട്ടേണ്‍: പിഴയില്ലാതെ സമര്‍പ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷത്തെ ആദായ നികുതി റിട്ടേണുകള്‍ (ഐടിആര്‍) പിഴയില്ലാതെ സമര്‍പ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. ആറ് കോടിയിലധികം റിട്ടേണുകള്‍ ഇതുവരെ ലഭിച്ചതായാണ് ആദായ നികുതി വകുപ്പ് അറിയിച്ചിരിക്കുന്നത്. ഐടിആര്‍ ഫയലിങ്, നികുതി അടക്കല്‍, മറ്റ് അനുബന്ധ സേവനങ്ങള്‍ എന്നിവക്കായി നികുതിദായകരെ സഹായിക്കാനായി 24 മണിക്കൂറും ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ടെന്നും കൂടാതെ കോളുകള്‍, ലൈവ് ചാറ്റുകള്‍, വെബ്എക്‌സ് സെഷനുകള്‍, ട്വിറ്റര്‍/എക്‌സ് എന്നിവയിലൂടെ പിന്തുണ നല്‍കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ജൂലൈ 31നകം റിട്ടേണ്‍ ഫയല്‍ ചെയ്യണമായിരുന്നെങ്കിലും ഫോമില്‍ വരുത്തിയ ചില മാറ്റങ്ങള്‍ കാരണം ഇത്തവണ സെപ്റ്റംബര്‍ 15 വരെ സമയം അനുവദിക്കുകയായിരുന്നു. അതേസമയം, റിട്ടേണ്‍ ഫയലിങ് മന്ദഗതിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ വര്‍ഷം ജൂലൈ 31 വരെ 7.28 കോടി ഐടിആറുകളാണ് ഫയല്‍ ചെയ്തത്. ഐടിആര്‍ പോര്‍ട്ടലില്‍ സാങ്കേതിക പ്രശ്‌നങ്ങളുമുണ്ട്. സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് വിവിധ പ്രഫഷനല്‍ അസോസിയേഷനുകള്‍ ധനമന്ത്രി നിര്‍മല സീതാരാമന് കത്തെഴുതിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*