‘എഐ ഉച്ചകോടിയിൽ ലോകം മുഴുവൻ ഇന്ത്യയുടെ കഴിവുകളെ പ്രശംസിച്ചു’, പ്രധാനമന്ത്രി

ന്യൂഡൽഹി: ഭാരത്‌ മണ്ഡപത്തിൽ നടന്ന ഇന്ത്യ എഐ ഇംപാക്‌ട് ഉച്ചകോടിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ പരിപാടിയിലൂടെ എഐ മേഖലയിലെ ഇന്ത്യയുടെ കഴിവുകളെ ലോകം പ്രശംസിച്ചുവെന്നും മോദി പറഞ്ഞു. സമൂഹ മാധ്യമമായ എക്‌സ് വഴിയാണ് മോദി ഇക്കാര്യം അറിയിച്ചത്.

“ഡൽഹിയിൽ നടന്ന ചരിത്രപ്രസിദ്ധമായ എഐ ഉച്ചകോടിയിൽ ലോകം മുഴുവൻ ഇന്ത്യയുടെ കഴിവുകളെ പ്രശംസിച്ചു. സാങ്കേതികവിദ്യയെക്കുറിച്ചുള്ള നമ്മുടെ യുവാക്കളുടെ ചിന്ത മുഴുവൻ മനുഷ്യരാശിക്കും ഗുണം ചെയ്യുമെന്ന് ഈ പരിപാടിയിലൂടെ മനസിലാക്കി”, മോദി എക്‌സിൽ കുറിച്ചു.

“അജ്ഞാതമായ അറിവ് കണ്ടെത്തുന്നതിന് പരീക്ഷണവും ഗവേഷണവും അത്യന്താപേക്ഷിതമാണ്. അറിയപ്പെടുന്ന വസ്‌തുകളുടെ വിശകലനമാണ് ഗവേഷണത്തിൻ്റെ ആരംഭം. ആ അറിവ് അനുഭവത്തിലൂടെയും നിരീക്ഷണത്തിലൂടെയും കണ്ടെത്തുന്നു”, എന്ന സംസ്‌കൃത ഉദ്ധരണിയും മോദി എക്‌സിൽ പങ്കുവെച്ചു.

രാജ്യത്തിൻ്റെയും ജനങ്ങളുടെയും നേട്ടങ്ങൾ പുറത്തുകൊണ്ടുവരുന്നതിനുള്ള ഒരു വേദിയായിരുന്നു എഐ ഉച്ചകോടി. പല രാജ്യങ്ങളിലെ നേതാക്കളും വ്യവസായികളും സ്‌റ്റാർട്ടപ്പ് മേഖലകളിൽ നിന്നുള്ളവരുമെല്ലാം ഉച്ചകോടിയിൽ പങ്കെടുക്കാനായി എത്തിയെന്നും റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ പ്രദാനമന്ത്രി പറഞ്ഞു.

ഭാവിയിൽ ലോകം എഐയുടെ ശക്തി എങ്ങനെ ഉപയോഗിക്കുമെന്നതിൽ ഈ ഉച്ചകോടി ഒരു വഴിത്തിരിവാണ്. ലോക നേതാക്കളെ കാണാനുള്ള അവസരം തനിക്ക് ലഭിച്ചു. അവർക്ക് മുന്നിൽ നിരവധി നൂതന ആശയങ്ങൾ പ്രദർശിപ്പിച്ചവെന്നും മോദി പറഞ്ഞു.

നിർമിത ബുദ്ധിയുടെ സാധ്യതകളിലും നൂതന ആശയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഫെബ്രുവരി 16 മുതൽ 20 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് എഐ ഉച്ചകോടി നടന്നത്. 20 രാഷ്ട്രനേതാക്കളും 45 രാജ്യങ്ങളിലെ മന്ത്രിമാരും ഉച്ചകോടിയിൽ പങ്കെടുത്തു.

നിക്ഷേപ സാധ്യതകൾ, ഗവേഷണ പങ്കാളിത്തങ്ങൾ തുടങ്ങിയ മേഖലയിലെ എഐ സംവിധാനങ്ങളുടെ വളർച്ചയെക്കുറിച്ചും ഉച്ചകോടിയിൽ ചർച്ച ചെയ്‌തു. നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനൊപ്പം നവീകരണം, ഉത്തരവാദിത്ത ഭരണം, വിദേശ രാജ്യങ്ങളുമായുള്ള ബന്ധം എന്നിവ വളർത്തിയെടുക്കുന്നതിനുള്ള സഹകരണ തന്ത്രങ്ങൾ രൂപപ്പെടുത്തുക എന്നതായിരുന്നു ഇന്ത്യ എഐ ഇംപാക്റ്റ് ഉച്ചകോടി 2026 ലക്ഷ്യമിട്ടത്.

2023-ൽ യുകെ, 2024-ൽ ദക്ഷിണ കൊറിയ, 2025-ൽ ഫ്രാൻസ് എന്നിവടങ്ങളിലാണ് ഇതിന് മുമ്പ് എഐ ഉച്ചകോടി നടന്നിട്ടുള്ളത്. ഇന്ത്യ എഐ ഇംപാക്റ്റ് ഉച്ചകോടിയുടെ നാലാം പതിപ്പാണ് ഇന്ത്യയിൽ നടന്നത്. ഉച്ചകോടിയിൽ ഡിജിറ്റൽ സാങ്കേതികവിദ്യ, വ്യാപാരം, സംസ്‌കാരം, ടൂറിസം, സമുദ്ര സഹകരണം എന്നിവയിലുടനീളം പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനൊപ്പം കൃത്രിമബുദ്ധിയുടെ ധാർമ്മികവും സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളും ചര്‍ച്ചയായി.

Be the first to comment

Leave a Reply

Your email address will not be published.


*