
ന്യൂഡല്‍ഹി: ഇന്ത്യ സഖ്യവുമായ സഹകരണത്തില്‍ മുന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ലൈന്‍ പിന്തുടരാന്‍ സിപിഎം. അടുത്തു വരുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലും കേന്ദ്രത്തില്‍ ബിജെപിയെ നേരിടുന്നതിനും കോണ്‍ഗ്രസുമായി സഹകരിച്ച് നീങ്ങാനാണ് സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറി എംഎ ബേബിയുടെ നിലപാട്.
കഴിഞ്ഞാഴ്ച കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി പാര്‍ട്ടി നയം അറിയിച്ചതായാണ് വിവരം. ഇന്ത്യ മുന്നണിയുമായി ബന്ധപ്പെട്ട് യെച്ചൂരിയുടെ നയം തന്നെ പാര്‍ട്ടി തുടരുമെന്നാണ് ബേബി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചത്. ദേശീയ തലത്തില്‍ സഹകരണം ശക്തിപ്പെടുത്തുക ലക്ഷ്യമിട്ട്, ആം ആദ്മി പാര്‍ട്ടി അടക്കം മറ്റു പാര്‍ട്ടി നേതാക്കളുമായും എംഎ ബേബി ഉടന്‍ കൂടിക്കാഴ്ച നടത്തും.
മധുരയില്‍ നടന്ന 24-ാമത് പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം എംഎ ബേബി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി ആദ്യ കൂടിക്കാഴ്ചയായിരുന്നു അത്. വൈകി ഉണരുന്നതിന് പകരം, ഇന്ത്യ മുന്നണി ഇപ്പോള്‍ തന്നെ തെരഞ്ഞെടുപ്പ് മോഡിലേക്ക് കടക്കണം. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പല്ല, തന്ത്രങ്ങളും തയ്യാറെടുപ്പുകളും ആസൂത്രണം ചെയ്യേണ്ടത്. അത് വളരെ മുന്‍കൂട്ടി ചെയ്യണം. എം എ ബേബി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു.
ഇന്ത്യാ മുന്നണി പാര്‍ട്ടികള്‍ക്കിടയില്‍ ഏകോപനം, യോജിച്ച തന്ത്രങ്ങളുടെ ആവശ്യകത, ഭാവി പ്രവര്‍ത്തനങ്ങളുടെ രൂപരേഖ എന്നിവ ഇല്ലാത്തതില്‍ എംഎ ബേബി ആശങ്ക പ്രകടിപ്പിച്ചു. ഏകോപന സമിതി യോഗങ്ങള്‍ നടക്കുന്നില്ല. ഇന്ത്യാ മുന്നണി യോഗം വളരെക്കാലമായി നടന്നിട്ടില്ല. പാര്‍ലമെന്റിലും കാര്യമായ ഏകോപനമില്ല എന്നും സിപിഎം ജനറല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടി.
കേരളത്തിലും പശ്ചിമ ബംഗാളിലും കോണ്‍ഗ്രസുമായിട്ടുള്ള സഖ്യം ബേബി-ഖാര്‍ഗെ ചര്‍ച്ചയില്‍ ഉള്‍പ്പെട്ടിരുന്നില്ലെന്ന് ഒരു നേതാവ് പറഞ്ഞു. സഖ്യം സംബന്ധിച്ച് കേരളത്തിലും ബംഗാളിലും സ്ഥിതി വ്യത്യസ്ഥമാണെന്ന് ബേബി ഖാര്‍ഗെയെ ധരിപ്പിച്ചു. കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മിലാണ് പരസ്പരം മത്സരിക്കുന്നത്. അതേസമയം ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ഇരു പാര്‍ട്ടികളും പോരാടുകയാണ്.
സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി ഞായറാഴ്ച ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിനുമായും കൂടിക്കാഴ്ച നടത്തി. ഇരുപാര്‍ട്ടികളും തമ്മിലുള്ള സഖ്യത്തെക്കുറിച്ചും വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളെക്കുറിച്ചും ചര്‍ച്ചയായി. സിപിഎമ്മുമായുള്ള ഡിഎംകെയുടെ ബന്ധം ഉറച്ചതാണെന്ന് സ്റ്റാലിന്‍ ഉറപ്പിച്ചു പറഞ്ഞു.
Be the first to comment