
സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെച്ച് ഇന്ത്യയും യുകെയും. പ്രധാന വസ്തുക്കളുടെ തീരുവ ഒഴിവാക്കും. നിര്‍ണായക കരാര്‍ ഒപ്പിട്ട വിവരം പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സില്‍ പങ്കുവച്ചു. ചരിത്രപരമായ നാഴികകല്ലെന്നാണ് പ്രധാനമന്ത്രി കുറിച്ചത്. യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് നീക്കം. ഇന്ത്യയുടെയും യുകെയുടെയും സമ്പദ്വ്യവസ്ഥകളിലെ സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാനും വ്യാപാരം, നിക്ഷേപം, വളര്‍ച്ച, തൊഴിലവസര സൃഷ്ടി, നവീകരണം എന്നിവയെ ഉത്തേജിപ്പിക്കാനും ഈ നീക്കം സഹായിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
വിസ്‌കി, ചോക്ലേറ്റ്, ബിസ്‌കറ്റ്, സാമന്‍, എന്നിവയുള്‍പ്പടയുള്ള ഉല്‍പ്പന്നങ്ങളുടെ തീരുവ കുറയുമെന്നാണ് റിപ്പോര്‍ട്ട്. ഇരുകൂട്ടര്‍ക്കും പ്രയോജനകരമായ സ്വതന്ത്ര വ്യാപാര കരാര്‍ വിജയകരമായതിനെ നരേന്ദ്ര മോദിയും കെയര്‍ സ്റ്റാര്‍മറും സ്വാഗതം ചെയ്തു. രണ്ട് വമ്പന്‍ സമ്പദ് വ്യവസ്ഥകള്‍ തമ്മിലുള്ള കരാറുകള്‍ ബിസിനസിനുള്ള പുതിയ അവസരങ്ങള്‍ തുറക്കുമെന്നും സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുമെന്നും ജനങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കുമെന്നും ഇരുവരും സമ്മതിക്കുന്നു.
Be the first to comment