ഇന്ത്യയ്ക്കു മേൽ അമേരിക്ക 25 ശതമാനം പിഴത്തീരുവ ചുമത്തിയതിനെ തുടർന്ന് ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് നിർത്തിയെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ്. റഷ്യൻ എണ്ണ ഇപ്പോഴും വാങ്ങുന്ന രാജ്യങ്ങൾക്കു മേൽ 500 ശതമാനം പിഴത്തീരുവ ചുമത്തുമെന്നും സ്‌കോട്ട് ബെസന്റ് പറഞ്ഞു.
ഫോക്‌സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് സ്‌കോട്ട് ബെസന്റിന്റെ പരാമർശം. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ. 500 ശതമാനം വരെ തീരുവ ചുമത്താൻ അംഗീകാരം നൽകുന്ന റഷ്യ ഉപരോധ ബിൽ സെനറ്റിൽ അവതരിപ്പിക്കാനിരിക്കുകയാണ്. റഷ്യൻ എണ്ണ വാങ്ങുന്നതിന് യൂറോപ്പിനെ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ കുറ്റപ്പെടുത്തി.
“യൂറോപ്പ് റഷ്യൻ എണ്ണ വാങ്ങുന്നുണ്ട്. അവർ യുദ്ധത്തിന് ധനസഹായം നൽകുകയാണ്. സംഘർഷം ആരംഭിച്ചതിനുശേഷം ഇന്ത്യ റഷ്യൻ എണ്ണ വാങ്ങാൻ തുടങ്ങി, എന്നാൽ പ്രസിഡന്റ് ട്രംപ് 25% തീരുവ ഏർപ്പെടുത്തി. ഇന്ത്യയും ഇത് കുറച്ചുകൊണ്ട് റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തി” സ്‌കോട്ട് ബെസന്റ് പറഞ്ഞു.
അതേസമയം ഇന്ത്യയും യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാർ അന്തിമഘട്ടത്തിലെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർലെയ്ൻ അറിയിച്ചു. സ്വിറ്റ്‌സർലണ്ടിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ സംസാരിക്കുകയായിരുന്നു ഉർസുല.
ജനുവരി 27ന് നടക്കുന്ന 16-ാമത് ഇന്ത്യ- യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ വ്യാപാര കരാർ ഒപ്പുവയ്ക്കാനാണ് സാധ്യത. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും ഉർസുല വോൺഡെർ ലെയ്‌നും ഈ മാസം 25 മുതൽ 27 വരെ ഇന്ത്യ സന്ദർശിക്കുന്നുണ്ട്. ഇരുവരും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരം 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ വിശിഷ്ടാതിഥികളായും പങ്കെടുക്കും.



Be the first to comment