എര്‍ഗണോമിക് ഡിസൈനില്‍ ബെര്‍ത്തുകള്‍, ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രാക്കില്‍, മോദി ഫ്‌ലാഗ് ഓഫ് ചെയ്തു

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊല്‍ക്കത്തയ്ക്കടുത്തുള്ള ഹൗറയെ ഗുവാഹത്തിയിലെ കാമാഖ്യ ജംഗ്ഷനുമായി ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനാണ് ട്രാക്കിലായത്.

പശ്ചിമ ബംഗാളിനും അസമിനും ഇടയില്‍ ഒരു രാത്രികാല ലിങ്ക് എന്ന നിലയിലാണ് ഈ അത്യാധുനിക ട്രെയിന്‍ സര്‍വീസ് നടത്തുക. നിലവില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന രണ്ടു സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് അതിവേഗ ട്രെയിന്‍. പശ്ചിമ ബംഗാളിലെ മാള്‍ഡ ടൗണില്‍ നിന്നാണ് ഇന്ത്യയിലെ ആദ്യത്തെ സ്ലീപ്പര്‍ ട്രെയിന്‍ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തത്.

‘ആധുനിക ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന ഗതാഗത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വികസിപ്പിച്ചെടുത്ത, പൂര്‍ണ്ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ വിമാന യാത്രയ്ക്ക് സമാനമായ യാത്രാ അനുഭവം വാഗ്ദാനം ചെയ്യുന്നു. ഇത് ദീര്‍ഘദൂര യാത്രകള്‍ സുരക്ഷിതവും വേഗത്തിലുമാക്കുന്നു. കൂടുതല്‍ സൗകര്യപ്രദമായ യാത്രയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഹൗറ-ഗുവാഹത്തി (കാമാഖ്യ) റൂട്ടില്‍ യാത്രാ സമയം ഏകദേശം 2.5 മണിക്കൂര്‍ കുറയ്ക്കാന്‍ ഇതുവഴി സാധിക്കും’- പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.

സവിശേഷതകള്‍

വേഗം: മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കഴിയുന്ന തരത്തിലാണ് ട്രെയിന്‍ നിര്‍മ്മിച്ചിരിക്കുന്നതെങ്കിലും, പരമാവധി 120-130 കിലോമീറ്റര്‍ വേഗത്തില്‍ സര്‍വീസ് നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു

സുഖസൗകര്യങ്ങള്‍: സുഗമമായ യാത്ര നല്‍കുന്നതിനായി ലോകോത്തര സസ്പെന്‍ഷന്‍ സംവിധാനത്തിന്റെ പിന്തുണയോടെ എര്‍ഗണോമിക് ഡിസൈനുകളാണ് ബെര്‍ത്തുകളില്‍ ഉള്ളത്.

ശുചിത്വം: അണുക്കളെ പൂര്‍ണമായി കൊല്ലാന്‍ കഴിയുന്ന തരത്തില്‍ നൂതന അണുനാശിനി സാങ്കേതികവിദ്യയാണ് ട്രെയിന്‍ ഉപയോഗിക്കുന്നത്. എല്ലാ യാത്രക്കാര്‍ക്കും നവീകരിച്ച ലിനനുകളും ടവലുകളും നല്‍കുന്നു.

സുരക്ഷ: സമഗ്രമായ ഓണ്‍ബോര്‍ഡ് നിരീക്ഷണത്തിനൊപ്പം തദ്ദേശീയ കവാച്ച് ഓട്ടോമാറ്റിക് പ്രൊട്ടക്ഷന്‍ സിസ്റ്റം സ്ഥാപിച്ചിട്ടുണ്ട്. ട്രെയിനില്‍ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നത്.

ഓട്ടോമേഷന്‍: ഓട്ടോമാറ്റിക് സ്ലൈഡിംഗ് വാതിലുകളാണ് മറ്റൊരു പ്രത്യേകത. ട്രെയിന്‍ ഒരു സ്റ്റേഷനില്‍ എത്തുമ്പോള്‍ മാത്രമാണ് ഇത് തുറക്കുക.

പ്രാദേശിക ഭക്ഷണവിഭവങ്ങള്‍: ട്രെയിന്‍ യാത്രക്കാര്‍ക്ക് പ്രാദേശിക ഭക്ഷണം വാഗ്ദാനം ചെയ്യും. ടിക്കറ്റ് വിലയില്‍ കാറ്ററിങ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പ്രാദേശിക രുചികളിലും പാചകരീതികളിലും ശ്രദ്ധ കേന്ദ്രീകരിച്ച് അത്തരം ഭക്ഷണമാണ് വിളമ്പുക. കാമാഖ്യയില്‍ നിന്ന് ഹൗറയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ആസാമീസ് വിഭവങ്ങള്‍ വിളമ്പുമ്പോള്‍, ഹൗറയില്‍ നിന്ന് കാമാഖ്യയിലേക്കുള്ള മടക്കയാത്രയില്‍ ബംഗാളി വിഭവങ്ങള്‍ ആസ്വദിക്കാനാവും.

Be the first to comment

Leave a Reply

Your email address will not be published.


*