ഇസ്രയേലിനൊപ്പം പ്രതിരോധ മേഖല ശക്തിപ്പെടുത്താൻ ഇന്ത്യ, അത്യാധുനിക സൈനിക സാങ്കേതികവിദ്യയ്‌ക്കായുള്ള കരാറില്‍ ഒപ്പുവച്ചു

ന്യൂഡൽഹി/ടെൽ അവീവ്: ഇസ്രയേലുമായി പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യ. നൂതന സാങ്കേതിക വിദ്യകൾ പങ്കിടുന്നതിനും പ്രധാന ആയുധ പ്രതിരോധ സംവിധാനങ്ങളുടെയും സൈനിക ശേഷിയുടെയും വികസനവും സഹ ഉത്പാദനവും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയുള്ളതാണ് കരാർ. ദീർഘകാല പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് പ്രതിജ്ഞാബദ്ധതമാണെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു.

പ്രതിരോധ സഹകരണത്തെക്കുറിച്ചുള്ള ഇന്ത്യ-ഇസ്രയേൽ സംയുക്ത വർക്കിങ് ഗ്രൂപ്പ് (ജെഡബ്ല്യുജി) യോഗത്തിന് ശേഷമാണ് ധാരണാപത്രം (എംഒയു) ഒപ്പുവച്ചത്. ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിഡിയോൺ സാറിൻ്റെ മൂന്ന് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനെത്തിനിടെയാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

“ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ പ്രതിരോധ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിന് ഏകീകൃത ദീർഘ ദർശനവും നയപരമായ ദിശയും ആവശ്യമാണ്. ഇന്ത്യ ഇസ്രയേൽ പ്രതിരോധ പങ്കാളിത്തം ദീർഘകാലമായി നിലനിൽക്കുന്നതും ആഴത്തിലുള്ളതുമാണ്.” – ധാരണാപത്രത്തിൽ ഒപ്പുവച്ചതിന് ശേഷം പ്രതിരോധ മന്ത്രാലയം എക്‌സിൽ കുറിച്ചു.

“പരിശീലനം, പ്രതിരോധ വ്യാവസായിക സഹകരണം, ശാസ്ത്ര സാങ്കേതിക വിദ്യ, ഗവേഷണ വികസനം, സാങ്കേതിക കണ്ടുപിടുത്തങ്ങൾ, കൃത്രിമ ബുദ്ധി, സൈബർ സുരക്ഷാ സഹകരണം എന്നിവയുൾപ്പെടെ കരാറിൽ പ്രതിപാദിക്കുന്നു. നൂതന സാങ്കേതികവിദ്യകള്‍ പങ്കിടാൻ പ്രാപ്‌തമാക്കുകയും സഹ വികസനവും സഹ ഉൽപ്പാദനവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് കരാർ. ഭീകരവാദത്തിൻ്റെ പൊതുവായ വെല്ലുവിളികൾ ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളെക്കുറിച്ചും ഞങ്ങള്‍ ചർച്ച നടത്തി. ഭീഷണിക്കെതിരെ പോരാടാനുള്ള കൂട്ടായ ദൃഢനിശ്ചയത്തിന് അടിവരയിടുന്നു” – മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു.

ഭീകരതയെ ചെറുക്കുന്നതിന് “സീറോ ടോളറൻസ്” എന്ന വിഷയത്തിൽ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറും ഇസ്രായേൽ വിദേശകാര്യ മന്ത്രിയും ന്യൂഡൽഹിയിൽ വിപുലമായ ചർച്ചകൾ നടത്തിയെന്നും, കൃത്രിമ ബുദ്ധി, സൈബർ സുരക്ഷ, പ്രതിരോധ ഗവേഷണം, നവീകരണം, വ്യാവസായിക സഹകരണം എന്നീ മേഖലകളിലെ സഹകരണം കരാറിൽ ഉറപ്പുവരുത്തുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇന്ത്യ സന്ദർശിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഇരു രാജ്യങ്ങളും കരാർ ഒപ്പുവച്ചത്. അതേസമയം ഇസ്രയേലിൻ്റെ ആയുധങ്ങള്‍ വാങ്ങുന്ന മുൻനിര രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആയുധ സംവിധാനങ്ങൾ, മിസൈലുകൾ, പൈലറ്റ് രഹിത വിമാനങ്ങള്‍ എന്നിവ ഇന്ത്യയ്‌ക്ക് വിതരണം ചെയ്യുന്നത് ഇസ്രയേലാണ്.

Be the first to comment

Leave a Reply

Your email address will not be published.


*