
പഹൽ ഭീകരാക്രമണം നടത്തിയ ടിആർഎഫിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ. യുഎൻ ഉപരോധ കമ്മറ്റിയുമായി കൂടിക്കാഴ്ച നടത്തി. പഹൽഗാം ഭീകരാക്രമണത്തിന്റെ തെളിവുകളും കൈമാറി. ഏപ്രിൽ 22-ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ടിആർഎഫ് ആണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി ഉൾപ്പെടെയുള്ള ഇന്ത്യൻ ഉദ്യോഗസ്ഥർ പറഞ്ഞിട്ടുണ്ട്.
പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം രണ്ടുതവണ ടിആർഎഫ് ഏറ്റെടുത്തിരുന്നു. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അന്താരാഷ്ട്രതലത്തിൽ പാകിസ്താനെ ഒറ്റപ്പെടുത്താനാണ് ഇന്ത്യയുടെ തീരുമാനം. പാക് സമീപനം തുറന്നുകാട്ടാൻ വിദേശരാജ്യങ്ങളിലേക്ക് സർവകക്ഷി സംഘത്തെ അയക്കും. എംപിമാരുടെ പ്രതിനിധി സംഘത്തെ വിദേശരാജ്യങ്ങളിലേക്ക് അയക്കാനാണ് തീരുമാനം. 5 മുതൽ 6 എംപിമാർ അടങ്ങുന്ന സംഘം യുഎസ് യുകെ ദക്ഷിണാഫ്രിക്ക ഖത്തർ യുഎഇ തുടങ്ങിയ രാജ്യങ്ങൾ ആകും സന്ദർശിക്കുക.
അതേസമയം ഇന്ത്യാ- പാക് വെടിനിർത്തൽ ഈമാസം 18 വരെ നീട്ടി. പാകിസ്താൻ ഡിജിഎംഒ മേജർ ജനറൽ കാഷിഫ് അബ്ദുല്ലയും ഇന്ത്യൻ ഡിജിഎംഒ ലഫ്റ്റനന്റ് ജനറൽ രാജീവ് ഘായിയും ബുധനാഴ്ച്ച ഹോട്ട്‌ലൈൻ വഴി നടത്തിയ ചർച്ചയിലാണ് ഈമാസം 18 വരെ വെടിനിർത്തൽ നീട്ടാൻ ധാരണ ആയത്. പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറിനെ ഉദ്ധരിച്ച് വാർത്ത ഏജൻസികളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 18ന് വീണ്ടും ഇരു രാജ്യങ്ങൾ തമ്മിൽ വീണ്ടും ഡിജിഎംഒ തല ചർച്ച നടക്കും. അതിർത്തിയിലെ സേന വിന്യസം പിൻവലിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ അടുത്ത യോഗത്തിൽ ചർച്ചയാകും.
Be the first to comment