തടവുകാരുടെ മോചനം; വിവരങ്ങള്‍ കൈമാറി ഇന്ത്യയും പാകിസ്ഥാനും

ന്യൂഡൽഹി: ജയിലുകളില്‍ കഴിയുന്ന തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക കൈമാറി ഇന്ത്യയും പാകിസ്ഥാനും. നയതന്ത്ര തലത്തിലുള്ള പതിവ് നടപടിക്രമങ്ങളുടെ ഭാഗമായാണ് പുതുവത്സരത്തില്‍ വിവരങ്ങള്‍ പരസ്‌പരം കൈമാറിയത്. ഇന്ത്യയുടെ കസ്റ്റഡിയിലുള്ള പാകിസ്ഥാന്‍ തടവുകാരുടെ വിവരം ന്യൂഡല്‍ഹിയിലും പാകിസ്ഥാനിലുള്ള ഇന്ത്യന്‍ തടവുകാരുടെ വിവരങ്ങള്‍ ഇസ്‌ലാമാബാദിലും വച്ചാണ് കൈമാറിയത്.

ഇന്ത്യ നല്‍കിയ ഔദ്യോഗിക വിവര പ്രകാരം 391 പാക്‌ തടവുകാരാണ് ഇന്ത്യയുടെ കസ്റ്റഡിയിലുള്ളത്. കൂടാതെ 33 പാക്‌ മത്സ്യത്തൊഴിലാളികളുടെ വിവരങ്ങള്‍ ഇന്ത്യ കൈമാറിയിട്ടുണ്ട്. അതേസമയം പാകിസ്ഥാന്‍ നല്‍കിയ പട്ടിക പ്രകാരം 58 ഇന്ത്യന്‍ തടവുകാരാണ് അവിടെയുള്ളത്. ഇതുകൂടാതെ 199 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളും ഉണ്ടെന്നാണ് വിവരം.

2008ലെ കോൺസുലാർ ആക്‌സസ് സംബന്ധിച്ച ഉഭയകക്ഷി കരാറിലെ വ്യവസ്ഥകൾ പ്രകാരമാണ് പരസ്‌പര കൈമാറ്റം. ഇന്ത്യയും പാകിസ്ഥാനും ഇന്ന് ന്യൂഡൽഹിയിലും ഇസ്‌ലാമാബാദിലും ഒരേസമയം തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും വിവരങ്ങള്‍ കൈമാറിയതായി വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രസ്‌താവനയിൽ പറഞ്ഞു.

എത്രയും വേഗം എല്ലാ തടവുകാരെയും മോചിപ്പിച്ച് തിരിച്ചയയ്ക്കണമെന്ന് ഇന്ത്യാ ഗവൺമെൻ്റ് പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രസ്‌താവനയിൽ പറഞ്ഞു. ” പാകിസ്ഥാൻ കസ്റ്റഡിയിലുള്ള തടവുകാരെയും മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകളെയും കാണാതായ ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥരെയും തിരിച്ചയക്കണം”.

ശിക്ഷാ കാലാവധി പൂർത്തിയാക്കിയ 167 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും സിവിൽ തടവുകാരെയും മോചിപ്പിച്ച് തിരിച്ചയയ്ക്കുന്നത് വേഗത്തിലാക്കാൻ പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ പാകിസ്ഥാൻ കസ്റ്റഡിയിലുള്ള ഇന്ത്യക്കാരാണെന്ന് കരുതപ്പെടുന്നതും ഇതുവരെ കോൺസുലാർ പ്രവേശനം ലഭിച്ചിട്ടില്ലാത്തതുമായ 35 സിവിൽ തടവുകാർക്കും മത്സ്യത്തൊഴിലാളികൾക്കും ഉടൻ കോൺസുലാർ പ്രവേശനം നൽകണമെന്നും പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യാ ഗവൺമെൻ്റിൻ്റെ നിരന്തര ശ്രമങ്ങളുടെ ഫലമായി 2014 മുതൽ 2,661 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും 71 ഇന്ത്യൻ സിവിൽ തടവുകാരെയും പാകിസ്ഥാനിൽ നിന്ന് തിരിച്ചയച്ചതായി വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രസ്‌താവനയിൽ പറഞ്ഞു.

35-ാമത് കൈമാറ്റ പട്ടിക

ഇന്ന് രണ്ട് അയൽരാജ്യങ്ങളും നയതന്ത്ര മാർഗങ്ങളിലൂടെ ന്യൂഡൽഹിയിലും ഇസ്‌ലാമാബാദിലും ഒരേസമയം ആണവ സ്ഥാപനങ്ങളുടെ പട്ടിക കൈമാറി. 1988 ഡിസംബർ 31ന് ഒപ്പുവച്ചതും 1991 ജനുവരി 27ന് പ്രാബല്യത്തിൽ വന്നതുമായ കരാർ പ്രകാരമാണ് കൈമാറ്റ നടപടികൾ.

ഇന്ത്യയും പാകിസ്ഥാനും ഓരോ വർഷത്തിലെയും ജനുവരി ഒന്നാം തീയതി കരാറിന് കീഴിൽ വരുന്ന ആണവ ഇൻസ്റ്റാളേഷനുകളെയും സൗകര്യങ്ങളെയും കുറിച്ച് പരസ്‌പരം അറിയിക്കണമെന്ന് കരാർ വ്യവസ്ഥ ചെയ്യുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള അത്തരം പട്ടികകളുടെ തുടർച്ചയായ 35-ാമത്തെ കൈമാറ്റമാണിത്. ആദ്യ കൈമാറ്റം 1992 ജനുവരി 1നാണ് നടന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*