ന്യൂഡൽഹി: അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം, ചൈനീസ് പൗരന്മാർക്കുള്ള ഇ-വിസ സൗകര്യം ആരംഭിക്കാനൊരുങ്ങി ഇന്ത്യ. 2025 ജൂലൈ 24 മുതൽ ചൈനീസ് പൗരന്മാർക്കുള്ള ഇ-വിസ സൗകര്യം പ്രാബല്യത്തിൽ വരുമെന്ന് ബീജിങ്ങിലെ ഇന്ത്യൻ എംബസി അറിയിച്ചു. 2020ലെ ഗാൽവാൻ വാലി സംഘർഷം, കൊവിഡ്-19 നിയന്ത്രണം, അതിർത്തി സംഘർഷങ്ങൾ തുടങ്ങിയ കാരണങ്ങളാൽ കഴിഞ്ഞ അഞ്ച് വർഷക്കാലത്തോളം ഇ-വിസ നിർത്തി വച്ചിരിക്കുകയായിരുന്നു.
ഇന്ത്യ ചൈന ബന്ധം ഇതോടെ മെച്ചപ്പെടുമെന്നാണ് വിലയിരുത്തൽ. സാംസ്കാരിക വിനിമയത്തിലും സാമ്പത്തിക സഹകരണത്തിലും ഇത് ഒരു പുതിയ അധ്യായത്തിന് തുടക്കമിടുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇരു രാജ്യങ്ങൾക്കുമിടയിൽ ടൂറിസ്റ്റുകളുടെ സന്ദർശനത്തിൽ വലിയ കുറവാണ്
2025ൽ തന്നെ നേരിട്ടുള്ള വിമാന സർവീസുകൾ പുനസ്ഥാപിക്കുന്നതിനുള്ള കരാറുകളും അതിർത്തി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള സഹകരണ സംവിധാനവും ഉൾപ്പെടെ നിരവധി ഉന്നതതല ഇടപെടലുകൾ ഇതോടൊപ്പം സാധ്യമാക്കാനും നീക്കമുണ്ട്. 2020-ന് മുൻപ്, ഇന്ത്യയിലേക്കെത്തുന്ന വിദേശികളിൽ ഏറ്റവും കൂടുതൽ ചൈനയിൽ നിന്നുള്ള വിനോദസഞ്ചാരികളായിരുന്നു. കൊവിഡ് 19ഉം ഇന്ത്യ-ചൈന ബന്ധങ്ങളിലെ സമ്മർദവും കാരണം, ചൈനീസ് പൗരന്മാർക്കുള്ള ഇ-വിസ സൗകര്യങ്ങൾ 2020-ൽ താത്ക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു. പിന്നീട് തീരുമാനത്തിൽ അയവ് വന്നെങ്കിലും ഇ-വിസ നൽകുന്നത് താത്ക്കാലികമായി നിർത്തിവച്ച തീരുമാനം തുടരുകയായിരുന്നു.
അതിനാൽ തന്നെ ചൈനയിൽ നിന്നുള്ള സഞ്ചാരികളുടെ വരവ് 2019-ൽ 3.4 ലക്ഷത്തിൽ നിന്ന് 2023-ൽ വെറും 30,000 ആയി കുറയുകയും ചെയ്തിരുന്നു. ഇത് ഇന്ത്യയിലെ ടൂറിസം മേഖലയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. എന്നാൽ ഇ-വിസകൾ വീണ്ടും പുനരാരംഭിക്കുന്നതോടെ 2025-26 ആകുമ്പോഴേക്കും ഏകദേശം രണ്ട് ലക്ഷം വിനോദസഞ്ചാരികളുടെ വരവ് പ്രതീക്ഷിക്കുകയാണ് ഇന്ത്യയുടെ വിനോദ സഞ്ചാര മേഖല. ടൂർ ക്ലാസിക് ഇന്ത്യ ഗോൾഡൻ ട്രയാംഗിൾ ടൂർ പാക്കേജുകളാണ് ചൈനീസ് പൗരന്മാർ ഏറ്റവും കൂടുതൽ ബുക്ക് ചെയ്യുന്നത്.
ഡൽഹി, ആഗ്ര, ജയ്പൂർ എന്നിവിടങ്ങളിലാണ് എറ്റവുമധികം സഞ്ചാരികള്‍ എത്തിയിരുന്നത്. ആഗ്രയിലെ താജ്മഹൽ, ഡൽഹിയിലെ ചെങ്കോട്ട, കുത്തബ് മിനാർ, ജയ്പൂരിലെ ആമേർ ഫോർട്ട്, സിറ്റി പാലസ് തുടങ്ങിയ ലോകപ്രശസ്തമായ വിനോദ സഞ്ചാര മേഖലകളിലേക്കാണ് സഞ്ചാരികള്‍ അധികവും എത്തുന്നതെന്നാണ് വിലയിരുത്തുന്നത്.
ഇ-വിസ വീണ്ടും സാധ്യമാക്കുന്നതോടെ, ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്നവർ
ടൂർ ഓപ്പറേറ്റർമാർ: ടൂർ ഗൈഡുമാർക്കും ട്രാവൽ ഏജൻസികൾക്കും പുതിയ തീരുമാനം വലിയ സാധ്യതകളാണ് തുറന്ന് നൽകുന്നത്. ഗോൾഡൻ ട്രയാംഗിൾ ടൂർ ഉള്‍പ്പെടെയാണ് ഇവർ വാഗ്ദാനം ചെയ്യുന്നത്.
ഹോസ്പിറ്റാലിറ്റി വ്യവസായം: വിനോദസഞ്ചാരികളുടെ വരവ് വർധിക്കുന്നതോടെ, പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഹോട്ടലുകൾ, ഗസ്റ്റ് ഹൗസുകൾ, റിസോർട്ടുകൾ, റെസ്റ്റോറൻ്റുകൾ തുടങ്ങിയ മേഖലകള്‍ക്ക് ഇത് പുത്തൻ ഉണർവാണ്. പ്രത്യേകിച്ച് ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള തിരക്കേറിയ സീസണുകളിൽ ബുക്കിങ്ങുകൾ വർധിക്കും.
പ്രാദേശിക ബിസിനസുകൾ: ഡൽഹി, ആഗ്ര, ജയ്പൂർ, വാരണാസി, ബോധ് ഗയ എന്നിവിടങ്ങളിലെ കരകൗശല വിദഗ്ധർ, തെരുവ് ഭക്ഷണ ശാലകള്‍, മാർക്കറ്റുകൾ എന്നിവയിലേക്ക് കൂടുതൽ തിരക്ക് അനുഭവപ്പെടും. ഇത് പ്രാദേശിക വ്യവസായത്തിന് ഊർജം പകരും.
ഇവൻ്റ്, വിനോദ വേദികൾ: ഇന്ത്യൻ ഉത്സവങ്ങളിലും സാംസ്കാരിക പരിപാടികളിലും പങ്കെടുക്കാൻ ചൈനീസ് വിനോദസഞ്ചാരികൾ ഇഷ്ടപ്പെടുന്നു. ഇത് ആഭ്യന്തര, അന്തർദേശീയ സന്ദർശകരുടെ സാന്നിധ്യം ഇരട്ടിപ്പിക്കുമെന്നാണ് വിലയിരുത്തൽ.
നിലവിൽ ഇന്ത്യൻ ഇ-വിസ പ്രക്രിയ കൂടുതൽ ലളിതമാക്കിയിരിക്കുകയാണ്. ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക പോർട്ടലിൽ ചൈനീസ് പൗരന്മാർക്ക് ഓൺലൈനായി വിസയ്ക്ക് അപേക്ഷിക്കാം. ബീജിങ്, ഷാങ്ഹായ്, ഗ്വാങ്ഷൂ എന്നിവിടങ്ങളിലെ വിസ കേന്ദ്രങ്ങളിൽ അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യാനും സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ബയോമെട്രിക് പരിശോധനയ്ക്കായി രേഖകൾ നേരിട്ട് സമർപ്പിക്കുകയും വിസ അംഗീകാരത്തിനായി കാത്തിരിക്കുകയും വേണം.
ചൈനീസ് വിനോദസഞ്ചാരികൾക്ക് ഇ-വിസ പ്രവേശനം വീണ്ടും സാധ്യമാക്കുന്നത് ടൂറിസം മേഖലയ്ക്ക് പുനരുജ്ജീവനം നൽകുകയും സാമ്പത്തിക നേട്ടമുണ്ടാവുകയും ചെയ്യമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.



Be the first to comment