‘ബംഗ്ലാദേശ് ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കും’; ഷെയ്ഖ് ഹസീനയുടെ വിധിയിൽ ഇന്ത്യയുടെ പ്രതികരണം

ഷെയ്ഖ് ഹസീനയെക്കുറിച്ച് ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലാദേശ് വിധിയിൽ പ്രതികരണവുമായി ഇന്ത്യ.ബംഗ്ലാദേശിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സമാധാനം, ജനാധിപത്യം, സ്ഥിരത എന്നിവ സംരക്ഷിക്കപ്പെടണം. അതിനായി എല്ലാ പങ്കാളികളുമായും എപ്പോഴും ക്രിയാത്മകമായി ഇടപെടുമെന്നും ഇന്ത്യ വ്യക്തമാക്കി.

കൂട്ടക്കൊല, പീഡന തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഹസീനയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. ബംഗ്ലാദേശിൽ പ്രക്ഷോഭം ഉണ്ടായതിനെ തുടർന്ന് 2024 ഓഗസ്റ്റിലാണ് ഹസീന അധികാരം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തത്.

വധശിക്ഷ വരെ കിട്ടാൻ സാധ്യതയുള്ള വകുപ്പുകളാണ് ഹസീനയ്ക്ക് എതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം ജൂലൈ 15 മുതൽ ഓഗസ്റ്റ് 15 വരെ നടന്ന വിദ്യാർത്ഥി പ്രക്ഷോഭം അടിച്ചമർത്തിയതുമായി ബന്ധപ്പെട്ടാണ് ഷെയ്ഖ് ഹസീനയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഷെയ്ഖ് ഹസീന ഉൾപ്പെടെയുള്ള മൂന്ന് പ്രതികളാണുള്ളത്. വിദ്യാർഥി പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമർത്തിയെന്നതാണ് ഹസീനയ്ക്കും മറ്റു 2 പേർക്കും എതിരായ കുറ്റം. ഷെയ്ഖ് ഹസീനയുടെ അഭാവത്തിലായിരുന്നു കേസുകളിൽ വിചാരണ നടന്നത്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി വിചാരണ ടിവിയിലൂടെ സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു

അതിനിടെ തനിക്ക് വധശിക്ഷ നൽകിയ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണലിന്റെ (ഐസിടി) വിധി പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രതികരിച്ചു. ജനാധിപത്യപരമായ അധികാരമില്ലാത്ത ഒരു വ്യാജ ട്രിബ്യൂണലാണ് ഈ വിധി പുറപ്പെടുവിച്ചതെന്നും ഷെയ്ഖ് ഹസീന പ്രതികരിച്ചു. കുറ്റാരോപണങ്ങൾ പൂർണ്ണമായും നിഷേധിക്കുന്നതായും വിചാരണ മുൻകൂട്ടി നിശ്ചയിച്ച നാടകമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*