“അമേരിക്കയ്‌ക്ക് മുമ്പില്‍ മോദി മുട്ടുമടക്കി”, ഇന്ത്യ-യുഎസ് കരാറില്‍ വിശദീകരണം ആവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷം

ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് ലോക്‌സഭയിൽ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. കരാറിലെ വിശദാംശങ്ങൾ പാർലമെൻ്റിന് മുന്നിൽ അവതരിപ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ലോക്‌സഭയിൽ കെ.സി. വേണുഗോപാൽ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് പിന്നാലെയാണ് പ്രതിപക്ഷം ബഹളം വച്ചത്. ഇന്ത്യ-യുഎസ് വ്യാപാര കരാർ ഇന്ത്യൻ വ്യവസായികൾക്കും കർഷകർക്കും വലിയ പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുമെന്നും നോട്ടീസിൽ പറയുന്നു.

മുൻ സൈനിക മേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത “ഓർമ്മക്കുറിപ്പുകൾ” ലോക്‌സഭയിൽ വായിക്കാൻ രാഹുൽ ഗാന്ധിയ്‌ക്ക് സ്‌പീക്കർ ഓം ബിർള അനുമതി നിഷേധിച്ചതും പ്രശ്‌നങ്ങൾക്ക് ആക്കം കൂട്ടി. പ്രതിപക്ഷ ബഹളത്തിനിടയിൽ ലോക്‌സഭാ നടപടികൾ ഉച്ചയ്ക്ക് 12 മണി വരെ നിർത്തിവച്ചിരുന്നു.

ഇന്ത്യ-യുഎസ് വ്യാപാര കരാർ യുഎസിലെ ഇന്ത്യൻ ഉത്‌പ്പന്നങ്ങളുടെ തീരുവ 18 ശതമാനമായി കുറയ്ക്കുമെന്നും ഇന്ത്യയിലേയ്‌ക്ക് കൂടുതൽ കാർഷിക ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ സഹായിക്കുമെന്ന് അമേരിക്ക അവകാശപ്പെടുന്നതായും പ്രമേയ നോട്ടീസിൽ പറയുന്നു. കരാറിലെ വിശദാംശങ്ങൾ പാർലമെൻ്റിന് മുന്നിൽ അവതരിപ്പിച്ചിട്ടില്ലെന്നും കെ.സി. വേണുഗോപാൽ പ്രമേയ നോട്ടീസിൽ വ്യക്തമാക്കി. മോദി അമേരിക്കയ്‌ക്ക് മുമ്പില്‍ മുട്ടുമടക്കിയെന്ന് ആരോപിച്ചാണ് പ്രതിപക്ഷ പ്രതിഷേധം.

അടിയന്തര പ്രമേയ നോട്ടീസിൽ പറയുന്നതെന്ത്

“ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിൽ നിന്ന് ഉയർന്നുവരുന്ന ഗുരുതരമായ ആശങ്കകൾ, അതായത്, അടിയന്തര പ്രാധാന്യമുള്ള ഒരു പൊതു വിഷയം ചർച്ച ചെയ്യാൻ ഇപ്പോൾ സഭ മാറ്റിവയ്ക്കുന്നു, ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രിയുടെ അഭ്യർത്ഥന പ്രകാരമാണ് വ്യാപാര കരാർ അവസാനിച്ചതെന്ന് യുഎസ് പ്രസിഡൻ്റ് അവകാശപ്പെടുന്നു. ഇത് ഇന്ത്യൻ വിപണികളെ യുഎസ് ഉത്‌പ്പന്നങ്ങൾക്ക് തുറന്നുകൊടുക്കുകയാണ്. ഇത്തരമൊരു നീക്കം ഇന്ത്യൻ വ്യവസായികൾ, വ്യാപാരികൾ, കർഷകർ എന്നിവർക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും” പ്രമേയ നോട്ടീസിൽ പറയുന്നു.

ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തി വെനസ്വേലയിൽ നിന്ന് വാങ്ങുമെന്ന ഡൊണാൾഡ് ട്രംപിൻ്റെ പരാമർശത്തെക്കുറിച്ചും വേണുഗോപാൽ ചോദ്യം ഉയർത്തി. “ഇന്ത്യയുടെ കാർഷിക മേഖല അമേരിക്കയ്ക്ക് തുറന്നു കൊടുക്കുന്നതിലൂടെ, ഇന്ത്യൻ കർഷകരുടെ സംരക്ഷണം, ഉപജീവനമാർഗം, വരുമാന സുരക്ഷ എന്നിവയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയരുന്നു.

കൂടാതെ, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തി അമേരിക്കയിൽ നിന്നും വെനസ്വേലയിൽ നിന്നും എണ്ണ വാങ്ങാൻ ഇന്ത്യാ ഗവൺമെൻ്റ് സമ്മതിച്ചതായി പറഞ്ഞിട്ടുണ്ട്, ഇത് ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണം, ഊർജ്ജ സുരക്ഷ, സ്വതന്ത്ര വിദേശനയ തീരുമാനങ്ങൾ എന്നിവയ്‌ക്കെതിരെ ഗുരുതര ചോദ്യങ്ങൾ ഉയർത്തുന്നു”

“കൂടാതെ, ഇന്ത്യ അമേരിക്കയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത് വർധിപ്പിക്കുമെന്ന അവകാശവാദങ്ങളും ഉണ്ട്, ഇത് ‘മെയ്ക്ക് ഇൻ ഇന്ത്യ’ പരിപാടിയുടെ ലക്ഷ്യങ്ങൾക്ക് നേർവിപരീതമാണ്… വിഷയത്തിൻ്റെ അടിയന്തിര പ്രാധാന്യവും കണക്കിലെടുക്കുമ്പോൾ, ഈ വിഷയം ഉടനടി ചർച്ച ചെയ്യേണ്ടതുണ്ട്,” നോട്ടീസിൽ പറയുന്നു.

എം.എം. നരവനെയുടെ “ഓർമ്മക്കുറിപ്പ്”

മുൻ സൈനിക മേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത “ഓർമ്മക്കുറിപ്പിൽ” നിന്നുള്ള ഭാഗങ്ങൾ ലോക്‌സഭയിൽ ഉദ്ധരിക്കാൻ ശ്രമിച്ച രാഹുൽ ഗാന്ധിയെ തടഞ്ഞ് നേതാക്കൾ. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ് ഉൾപ്പടെയുള്ളവർ രാഹുൽ ഗാന്ധിയെ വിലക്കി. തുടർന്ന് സ്‌പീക്കർ ഓം ബിർള രാഹുൽ ഗാന്ധിയിയ്‌ക്ക് അനുമതി നിഷേധിച്ചു.

ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷാംഗങ്ങൾ ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബഹളത്തിനിടയിൽ ലോക്‌സഭാ നടപടികൾ ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ നിർത്തിവച്ചിരുന്നു. “ആസൂത്രിതമായി നടപടികൾ തടസപ്പെടുത്തുന്നത് അംഗങ്ങൾക്ക് അനുയോജ്യമല്ലെന്ന് ബിർള പറഞ്ഞു”. വിവിധ മേഖലകളിൽ സർക്കാരിൻ്റെ ഉത്തരവാദിത്തക്കുറവിനെ ചോദ്യം ചെയ്യാനും ബോധ്യപ്പെടുത്താനും ചോദ്യോത്തര വേളയിൽക്കൂടെ പ്രതിപക്ഷത്തിന് സാധിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*