ലോക ഒന്നാം നമ്പര്‍ ടീമും രണ്ടാം നമ്പര്‍ ടീമും തമ്മിലുള്ള ഏകദിന പരമ്പര ഇന്ത്യക്ക് നിരാശ സമ്മാനിച്ചെങ്കിലും നാളെ ഓസ്‌ട്രേലിയയുമായി ട്വന്റി ട്വന്റി പരമ്പരക്ക് തുടക്കമാകുകയാണ്. ഓസ്‌ട്രേലിയയിലെ കാന്‍ബറയില്‍ മനുക ഓവലില്‍ ശക്തകായ രണ്ട് സംഘങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ മത്സരം ആവേശകരമാകുമെന്ന് തീര്‍ച്ച.
ഉച്ചക്ക് 1.45 ന് ആരംഭിക്കുന്ന മത്സരം വരാനിരിക്കുന്ന അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ക്ക് മുന്നോടിയായുള്ള പരിശീലന മത്സരം കൂടിയായി മാറും ഇരുടീമുകള്‍ക്കും. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം ഏകദിനത്തില്‍ പ്രയോഗിച്ചതിനേക്കാളും ഫലവത്തായ തന്ത്രങ്ങള്‍ കംഗാരുക്കളോട് പ്രയോഗിക്കേണ്ടി വരും. അതിനാല്‍ ആദ്യമത്സരം തന്നെ വിജയിച്ച് ആധിപത്യം തുടരാനായിരിക്കും ഇന്ത്യ ശ്രമിക്കുക.
മിച്ചല്‍ മാര്‍ഷിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന ഓസിസ് സംഘമാകട്ടെ ഹോംമാച്ചുകളുടെ നേട്ടം മുതലെടുക്കാനായിരിക്കും നോക്കുക. ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ചിരപരിചിതമായ പിച്ചില്‍ അവരുടെ ആക്രമണ തന്ത്രങ്ങളെല്ലാം ഇന്ത്യന്‍സംഘത്തിന് മേല്‍ പ്രയോഗിക്കപ്പെട്ടേക്കാം. ഓരോ മൈതാനത്തെയും ടോസ് നിര്‍ണായകമായേക്കും. ഇരു ക്യാപ്റ്റന്‍മാരും നന്നായി ഗൃഹപാഠം ചെയ്ത് തന്നെ തങ്ങളുടെ താരങ്ങളെ പിച്ചിലിറക്കുമ്പോള്‍ ആവേശം നുരയുന്ന മത്സരങ്ങളായിരിക്കും ഓരോന്നും എന്നതില്‍ സംശയമേതുമുണ്ടാകില്ല.



Be the first to comment