ഹൈദരാബാദ്: എഫ്.ഐ.എച്ച് വനിതാ ഹോക്കി ലോകകപ്പ് യോഗ്യതാ ടൂർണമെന്റില് ഇന്ത്യ ഫൈനലിൽ കടന്നു. ഗച്ചിബൗളിയിലെ ജി.എം.സി ബാലയോഗി ഹോക്കി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ സെമിഫൈനൽ പോരാട്ടത്തിൽ ഇറ്റലിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 40-ാം മിനിറ്റിൽ മനീഷ ചൗഹാൻ നേടിയ തകർപ്പൻ ഗോളാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഫൈനലിൽ കരുത്തരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ.
മത്സരത്തിന്റെ ആദ്യ ക്വാർട്ടറിൽ ഇരുടീമുകളും അതിശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചത്. മധ്യനിരയിൽ പന്തിനായുള്ള കടുത്ത പോരാട്ടം നടന്ന ആദ്യ മിനിറ്റുകളിൽ ഇന്ത്യ മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഇറ്റലി കടുത്ത ആക്രമണങ്ങളിലൂടെ തിരിച്ചടിച്ചു. എന്നാൽ രണ്ടാം ക്വാർട്ടറിൽ ഇന്ത്യ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. വിങ്ങുകളിലൂടെ പന്തുമായി മുന്നേറിയ ഇന്ത്യൻ താരങ്ങൾ ഇറ്റാലിയൻ ബോക്സിനുള്ളിൽ നിരന്തരം ഭീഷണി ഉയർത്തി.
മത്സരത്തിന്റെ 18-ാം മിനിറ്റിൽ ഇന്ത്യയ്ക്ക് ആദ്യ പെനാൽറ്റി കോർണർ ലഭിച്ചെങ്കിലും നവ്നീത് കൗർ തൊടുത്ത ഷോട്ട് ഇറ്റാലിയൻ ഗോൾകീപ്പർ ലൂസിയ ഇനസ് കരുസോ തടഞ്ഞു. 27-ാം മിനിറ്റിൽ ലഭിച്ച അടുത്ത അവസരത്തിൽ ഇന്ത്യ ഒരു തന്ത്രപരമായ നീക്കം പരീക്ഷിച്ചു. പന്ത് ഇഞ്ചക്ട് ചെയ്ത ക്യാപ്റ്റൻ സലീമ ടെറ്റെയ്ക്ക് തന്നെ തിരിച്ചുനൽകിയെങ്കിലും ഇറ്റാലിയൻ പ്രതിരോധം ഗോൾലൈനിൽ വെച്ച് പന്ത് തടഞ്ഞു. 29-ാം മിനിറ്റിൽ നവ്നീത് കൗറിന് ലഭിച്ച മറ്റൊരു പെനാൽറ്റി കോർണർ അവസരം ലക്ഷ്യം കാണാതെ പുറത്തുപോയി.
മനീഷയുടെ നിർണ്ണായക ഗോൾ
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇറ്റലിയുടെ എമിലിയ മുനിറ്റിസ് ഗോളിനായി മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഇന്ത്യൻ ഗോൾകീപ്പർ ബിച്ചു ദേവി ഖാരിബാം സമയോചിതമായി ഇടപെട്ട് ഗോൾ വഴങ്ങുന്നതിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചു. ഒടുവിൽ 40-ാം മിനിറ്റിൽ ഇന്ത്യ കാത്തിരുന്ന ഗോൾ പിറന്നു. ലഭിച്ച പെനാൽറ്റി കോർണർ മനീഷ ചൗഹാൻ അതിശക്തമായ ഒരു ഡ്രാഗ് ഫ്ലിക്കിലൂടെ ഇറ്റാലിയൻ പ്രതിരോധത്തെ ഭേദിച്ച് വലയിലെത്തിച്ചു.
പ്രതിരോധം തീർത്ത് ഇന്ത്യ
അവസാന ക്വാർട്ടറിൽ ലീഡ് ഉയർത്താൻ ഇന്ത്യയ്ക്ക് രണ്ട് പെനാൽറ്റി കോർണറുകൾ കൂടി ലഭിച്ചെങ്കിലും ഇറ്റാലിയൻ പ്രതിരോധം വഴങ്ങിയില്ല. കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ സമനില ഗോളിനായി ഇറ്റലി സർവ്വശക്തിയുമെടുത്ത് പോരാടി. 59-ാം മിനിറ്റിൽ അവർക്ക് നിർണ്ണായകമായ പെനാൽറ്റി കോർണർ ലഭിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധം പാറപോലെ ഉറച്ചുനിന്നതോടെ വിജയം ഇന്ത്യയ്ക്കൊപ്പം നിന്നു.
ഫൈനൽ മാർച്ച് 14-ന്
മാർച്ച് 14-ന് ഇന്ത്യൻ സമയം വൈകിട്ട് 7:30-നാണ് ഫൈനൽ മത്സരം നടക്കുക. ലോകകപ്പ് യോഗ്യത ഉറപ്പാക്കാൻ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.



Be the first to comment